National

ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെയാണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തശേഷം പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ ബാരാമതിയിലേക്ക് പുറപ്പെട്ടത്.

അജിത് പവാറും രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മുതിർന്ന രാഷ്ട്രീയക്കാരനും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ അനന്തരവനും ലോകസഭാംഗം സുപ്രിയ സുലെയുടെ സഹോദരനുമാണ് അജിത് പവാർ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന ശരദ് പവാറും സുപ്രിയ സുലേയും ഉടൻ പുണെയിലേക്ക് തിരിക്കും.

2023-ൽ, അജിത് പവാറിന്‍റെ നേതൃത്വത്തിൽ എൻസിപി പിളരുകയും ഇത് പാർട്ടിയെ രണ്ട് ചേരികളായി വിഭജിക്കുകയും ചെയ്തിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലും മറ്റൊന്ന് അദ്ദേഹത്തിന്റെ അമ്മാവൻ ശരദ് പവാറിന്റെ നേതൃത്വത്തിലുമായിരുന്നു. പിന്നീട് അദ്ദേഹം എൻഡിഎ സർക്കാരിൽ ചേർന്ന് ഉപമുഖ്യമന്ത്രിയായി. എന്നിരുന്നാലും, അടുത്തിടെ എൻസിപി പുനഃസമാഗമത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.