ന്യൂഡൽഹി: ഡൽഹി പോലീസിലെ SWAT (സ്‌പെഷൽ വെപ്പൺസ് ആൻഡ് ടാക്ടിക്‌സ്) കമാൻഡോ ആയ യുവതിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തി. കാജൽ ചൗധരിയെന്ന 27-കാരിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അങ്കുർ ആണ് കാജലിനെ തലയ്ക്ക് ഡംബലുകൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്ക് ആണ് അങ്കുർ. കൊല്ലപ്പെട്ട സമയത്ത് നാലുമാസം ഗർഭിണി ആയിരുന്നു കാജൽ.
സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ ജനുവരി 22-ാം തീയതി രാത്രി പത്തുമണിയോടെയാണ് കാജലിനെ അങ്കുർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. ആക്രമിക്കപ്പെട്ട ദിവസം, കാജൽ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് അവരുടെ സഹോദരൻ നിഖിൽ പറഞ്ഞു. കാജൽ ഫോണിൽ താനുമായി സംസാരിച്ചുകൊണ്ടിരിക്കവേയാണ് അങ്കുർ ഡംബൽ കൊണ്ട് സഹോദരിയെ മർദിച്ചതെന്നും നിഖിൽ കൂട്ടിച്ചേർത്തു. ശേഷം കാജലിനെ ആക്രമിച്ച വിവരം ഫോണിലൂടെ അങ്കുർ തന്നെ അറിയിച്ചെന്നും നിഖിൽ പറഞ്ഞു.
2023-ലാണ് കാജലും അങ്കുറും വിവാഹിതരായത്. അങ്കുറും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അറസ്റ്റിലായ അങ്കുറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാജലിനും അങ്കുറിനും ഒന്നരവയസ്സുള്ള ഒരു മകനുണ്ട്.














