National

ബാരാമതി വിമാന അപകടം: കമ്പനി നിശ്ചയിച്ചത് മറ്റൊരു പൈലറ്റിനെ; സുമിത് എത്തിയത് അവസാന മണിക്കൂറിൽ

മുംബൈ ∙ ബാരാമതിയിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചിരുന്നത് മറ്റൊരു പൈലറ്റിനെ. യാത്ര ആരംഭിക്കാനുള്ള അവസാന മണിക്കൂറുകളിലാണ് സുമിത് കപൂറിനെ ചെറു വിമാനം പറത്താൻ നിയോഗിച്ചതെന്നാണ് വിവരം. മുംബൈയിൽനിന്നും വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട് എത്താൻ വൈകിയതോടെയാണ് സുമിത് കപൂർ നിയോഗിക്കപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

വിമാനം ലാൻഡ് ചെയ്തപ്പോൾ പൈലറ്റിനു സംഭവിച്ച പിഴവാണ് അപകട കാരണമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ സുമിത് കപൂറിന് 16,000 മണിക്കൂറോളം വിമാനം പറത്തിയുള്ള അനുഭവ പരിചയമുണ്ടെന്നും തെറ്റ് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

മുൻപ് സഹാറ, ജെറ്റ് എയർവേയ്സുകളിൽ കപൂർ പൈലറ്റായി ജോലി ചെയ്തിട്ടുണ്ട്. അപകടത്തിനു കുറച്ചു ദിവസങ്ങൾക്കു മുൻപാണ് സുമിത് കപൂർ ഹോങ്കോങ്ങിൽ നിന്ന് മടങ്ങിവന്നത്. സുമിതിന്റെ മകനും മരുമകനും പൈലറ്റുമാരാണ്. പ്രാദേശിക തിരഞ്ഞെടുപ്പ് റാലികൾക്കായിട്ടാണ് പവാർ സ്വന്തം നാടായ ബാരാമതിയിലേക്ക് പോയത്. ഡൽഹി ആസ്ഥാനമായ വിമാന കമ്പനിയുടെ ബിസിനസ് ജെറ്റാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. അപകടത്തിൽ സുമിത് കപൂറും സഹപൈലറ്റ് ശാംഭവി പഥകും മരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.