മുംബൈ ∙ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും 400 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്കുള്ള യാത്രയ്ക്ക് 18,000 രൂപ വാങ്ങിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 12ന് യുഎസിൽ നിന്നെത്തിയ യുവതിക്കാണ് ഈ അനുഭവമുണ്ടായത്. സംഭവത്തിൽ ഡ്രൈവർ ദേശ്‌രാജ് യാദവാണ് (50) അറസ്റ്റിലായത്. 20 മിനിറ്റ് എടുത്താണ് ദേശ്‌രാജ് യാദവ് യുവതിയെ വിമാനത്താവളത്തിൽനിന്നും ഹോട്ടലിലേക്കു കൊണ്ടുപോയത്. ജനുവരി 26 ന് തനിക്കുണ്ടായ അനുഭവം അർജന്റീന അരിയാനോ എന്ന യുവതി എക്‌സിൽ പോസ്റ്റു ചെയ്തിരുന്നു.
യാത്രയ്ക്കിടെ ആദ്യം അജ്ഞാതമായ ഒരിടത്തേക്കു കൊണ്ടുപോയെന്നും പിന്നീട് ഹോട്ടലിൽ എത്തിച്ചെന്നുമാണ് വിഡിയോ തെളിവു സഹിതം യുവതി ആരോപിച്ചത്. എന്നാൽ വിഷയത്തിൽ പൊലീസിനു പരാതി നൽകാൻ യുവതി തയാറായിരുന്നില്ല. എങ്കിലും പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. വിദേശ വനിത താമസിച്ച ഹോട്ടലിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഹോട്ടലിൽ മുറിയെടുത്തു തൊട്ടടുത്ത ദിവസം തന്നെ ഇവർ മുറിയൊഴിഞ്ഞെന്നും പുണെയിലേക്കു പോയെന്നും വിവരം ലഭിച്ചു. അതേസമയം ടാക്സിയുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് യുവതി ഹോട്ടലിൽ പറഞ്ഞിരുന്നില്ല. ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചു.














