National

‘കുരങ്ങനെ പോലെയുണ്ട്’; ഭർത്താവ് കളിയാക്കി, മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ലഖ്നൗ∙ ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇന്ദിരാനഗർ സ്വദേശിയായ തനു സിങ്ങാണ് ആത്മഹത്യ ചെയ്തത്. കാണാൻ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ കളിയാക്കിയത്.

ലഖ്നൗവിലെ തക്രോഹി സ്വദേശിയായ രാഹുൽ ശ്രീവാസ്തവയും തനു സിങ്ങും 4 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുൽ.

രാഹുൽ, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകൻ അഭയ് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭർത്താവ് കളിയാക്കിയത്. തനുവിനെ കാണാൻ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുൽ പറഞ്ഞത്. ഭർത്താവ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ആ വാക്കുകൾ തനുവിനെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നാലെ തനു തന്റെ മുറിയിലേയ്ക്ക് കയറിപ്പോയി.

സംസാരത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുൽ വീടിന് പുറത്തേയ്ക്ക് പോയി. തിരിച്ചെത്തിയതിന് പിന്നാലെ തനുവിന്റെ സഹോദരിയോട് അവളെ ഭക്ഷണം കഴിക്കാനായി വിളിക്കാൻ പറഞ്ഞു. മുറിയിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ അകത്തേയ്ക്ക് നോക്കിയപ്പോഴാണ് തനുവിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ വാതിൽ പൊളിച്ച് അകത്ത് കയറി. തനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ ദുരൂഹതയുള്ളതായി ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നിലവില്‍ സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. യുവതിയ്ക്ക് മോഡലിങ്ങിൽ താൽപര്യമുണ്ടായിരുന്നെന്നാണ് വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.