ബെംഗളൂരു ∙ റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ.റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ഓഫിസിൽ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം.
മൂന്നു ദിവസമായി കോൺഫിഡന്റ് ഓഫിസുകളിൽ റെയ്ഡ് തുടരുകയായിരുന്നു. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്. റോയ് സ്വയം നിറയൊഴിച്ചത് അറിഞ്ഞശേഷവും റെയ്ഡ് തുടർന്നതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ജീവനക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടുന്ന ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. തോക്ക് അശോക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.














