Wayanad

കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ

കൊച്ചി∙ ആ കുടുംബത്തിന്റെ കാത്തിരിപ്പ് വൃഥാവിലായി. കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബെംഗളുരു സ്വദേശി സൂരജ് ലാമ (58) യുടേത് തന്നെയെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ഡിഎൻഎ പരിശോധനാഫലം പൊലീസ് ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിക്കു പിന്നാലെയാണു പൊലീസ് അന്വേഷണം നടത്തിയതും മൃതദേഹം കണ്ടെടുത്തതും. കുവൈറ്റിൽ നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരാൾ ആരോരുമില്ലാതെ ഇത്തരത്തിൽ മരിച്ചത് നടുക്കുന്നതാണെന്നു നേരത്തേ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മൃതദേഹം സൂരജ് ലാമയുടേതു തന്നെയെന്നു വ്യക്തമായതോടെ കുടുംബം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു. കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയും മദ്യദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിലായവരിലൊരാളാണു. ലാമ ഇത്തരത്തില്‍ ആശുപത്രിയിലാണെന്നു കുടുംബം വൈകിയാണ് അറിയുന്നത്. ഒടുവിൽ ഒക്ടോബർ നാലിനു ബന്ധുക്കളെ പോലും അറിയിക്കാതെ പരിചയക്കാർ പോലുമില്ലാത്ത കൊച്ചിയിലേക്കു സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു. മദ്യദുരന്തത്തിനു പിന്നാലെ സ്വന്തം പേരു പോലും ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു ലാമ. പിതാവിെന കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബർ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്നു കൊച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ച് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിനിടെ, എട്ടിന് തൃക്കാക്കര ഒരു ഹൗസിങ് കോളനിയുടെ സമീപത്തു ലക്ഷ്യംതെറ്റി അലഞ്ഞു തിരിയുന്ന ലാമയുടെ വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ഒരു ആംബുലൻസിൽ കയറ്റി തനിച്ചു കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ച് മകൻ ഹേബിയസ് കോർപസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ലാമയെ കണ്ടെത്താനുള്ള അന്വേഷണം നടത്താൻ ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുടെ ബെ‍ഞ്ച് പൊലീസിനു കർശന നിർദേശം നൽകിയിരുന്നു. എന്നാൽ നവംബർ 30നു കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒന്നര മാസത്തോളം നീണ്ട കുടുംബത്തിന്റെ അലച്ചിലും കോടതി ഇടപെടലുകളുമെല്ലാം വൃഥാവിലാവുകയായിരുന്നു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെങ്കിലും മൃതദേഹം ജീർണിച്ചതിനാൽ ഫലം കിട്ടാനും ബുദ്ധിമുട്ടി. ഒടുവിൽ രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം സൂരജ് ലാമയുടേത് തന്നെയെന്നു വ്യക്തമായത്.

മൃതദേഹം സൂരജ് ലാമയുടേതാണെന്ന് തിരിച്ചറിഞ്ഞതായി ഇന്നലെ വൈകിട്ട് പൊലീസ് അറിയിക്കുകയായിരുന്നുവെന്ന് മകൻ വ്യക്തമാക്കി. തുടർന്ന് മകനും അമ്മ റിനാ ലാമയും ഇന്നു രാവിലെ ബെംഗളുരുവിൽ നിന്ന് കൊച്ചിയിലെത്തി. സൂരജ് ലാമയെകാണാതായതു മുതൽ ആശങ്കയിലായിരുന്ന കുടുംബത്തിന് പിന്നീടാണ് മൃതദേഹം കിട്ടിയ വിവരം ലഭിക്കുന്നത്. തുടർന്ന് ഇത് സൂരജ് ലാമയുടേത് തന്നെയാണോ എന്ന കാത്തിരിപ്പിനാണ് ഇന്ന് വിരാമമയാത് എന്നും മകൻ പറഞ്ഞു. കോടതിയുടെ ഉത്തരവ് ലഭിച്ച ശേഷം കൊച്ചിയിൽ തന്നെ മരണാനന്തരകർമങ്ങൾ ചെയ്യാനാണ് കുടുംബം ആലോചിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.