തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ്കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു.
മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ പ്രകാശനവും തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ നടത്തി. നാടൻ നെൽവിത്തുകളുടെ സംരക്ഷകൻ പത്മശ്രീ ചെറുവയൽ രാമൻ, ഗോത്രവർഗ്ഗ നാടൻപാട്ട് കലാകാരി ലീല അമ്മാമ്മ, പലക്കാട്, വട്ടുലക്കി ഊരിലെ ചൊറിയ മൂപ്പൻ എന്നിവർ ചേർന്നാണ് മെമ്മറിപീഡിയയുടെ ലോഞ്ച് നിർവ്വഹിച്ചത്. മുതിർന്ന അഭിഭാഷകനും ബാംഗ്ലൂർ നാഷണൽ ലോ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ അഡ്വ. മോഹൻ ഗോപാൽ ‘ഓർമകളുടെ രാഷ്ട്രീയം’ (The Politics of Memory) എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനമായും രണ്ട് ലക്ഷ്യങ്ങളോടെയാണ് മെമ്മറിപീഡിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്ന്: സാമൂഹിക അനീതി, പാർശ്വവൽക്കരണം, അവകാശലംഘനങ്ങൾ എന്നിവയ്ക്കെതിരെയും സാംസ്കാരിക മുന്നേറ്റത്തിനായും അണിനിരന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും കൂട്ടായ പോരാട്ടങ്ങളുടെ ചരിത്രരേഖ ഉണ്ടാക്കുക. രണ്ട്: ഭാവിയിലെ ചരിത്രകാരന്മാർക്കും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർക്കും പാഠമാക്കാവുന്ന വിധം ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും ഇടപെടലുകളും പ്രതിസന്ധികളും അനന്തരഫലങ്ങളും രേഖപ്പെടുത്തുക.കൃത്യമായ രേഖപ്പെടുത്തലുകളിലാത്തതു മൂലം പല സാമൂഹിക മുന്നേറ്റങ്ങളും പൊതുസ്മരണയിൽ നിന്നും ഔദ്യോഗിക ചരിത്രത്തിൽ നിന്നും മാഞ്ഞുപോകുന്ന സാഹചര്യത്തിൽ, ദീർഘമായ അഭിമുഖങ്ങളിലൂടെ (Long-form interviews) ഈ വിടവ് നികത്താൻ മെമ്മറിപീഡിയ ശ്രമിക്കുന്നു. കേരളത്തിൽ നടന്നിട്ടുള്ള- മുത്തങ്ങ ഭൂസമരം, ഫെമിനിസ്റ്റ് പ്രസ്ഥാനം, പ്ലാച്ചിമടയിലെ കൊക്ക-കോള വിരുദ്ധ സമരം, ശാസ്ത്ര സാഹിത്യ പരിഷത്ത്, സൈലൻറ് വാലി മൂവ്മെൻറ്, ഫിലിം സൊസൈറ്റി പ്രസ്ഥാനം തുടങ്ങി- പതിനഞ്ചോളം സാമൂഹിക മുന്നേറ്റങ്ങളെ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മെമ്മറിപീഡിയ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറിലധികം അഭിമുഖങ്ങളിൽ നിന്നായി 400-ലധികം എപ്പിസോഡുകളിലായാണ് ഈ ചരിത്രം ക്രമീകരിച്ചിരിക്കുന്നത്. എങ്കിലും എല്ലാ മുന്നേറ്റങ്ങളും പൂർണമാകുന്നില്ല. അവ തുടർന്നും രേഖപ്പെടുത്തി മുന്നോട്ടു പോകുന്നതാണ്.
മെമ്മറിപീഡിയ ഒരു പത്രപ്രവർത്തന സംരംഭമല്ല; മറിച്ച് ആധുനിക കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക, രാഷ്ട്രീയ ബോധം രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചവരുടെ ഓർമകളിലൂടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു അക്കാദമിക് പ്രക്രിയയാണ്. പ്രാദേശികതലത്തിൽ നടന്നതും പലപ്പോഴും വിസ്മരിക്കപ്പെട്ടതുമായ സമരങ്ങളെ വരുംതലമുറയ്ക്കായി സജീവമായി നിലനിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ന്യൂഡൽഹിയിലും ന്യൂയോർക്കിലും വിവിധ എഡിറ്റോറിയൽ പദവികളിൽ സേവനമനുഷ്ഠിച്ച മുതിർന്ന പത്രപ്രവർത്തകൻ ഡോ. വിനോദ് കെ. ജോസ് ആണ് മെമ്മറിപീഡിയയുടെ സ്ഥാപകൻ. 25 വർഷത്തെ കരിയറിൽ യുഎസ് പബ്ലിക് റേഡിയോയുടെ സൗത്ത് ഏഷ്യൻ കറസ്പോണ്ടന്റ്, ന്യൂയോർക്കിലെ ഇന്റർനാഷണൽ ന്യൂസ് പ്രൊഡ്യൂസർ, ‘ദ കാരവൻ’ മാഗസിൻ സ്ഥാപക എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ വയനാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ ‘വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ’ സ്ഥാപിച്ചു.മാതൃഭൂമി ബുക്സിൽ കോപ്പി എഡിറ്ററായി പ്രവർത്തിച്ചിരുന്ന ജോജു ഗോവിന്ദ് ആണ് മെമ്മറിപീഡിയയുടെ പ്രൊഡ്യൂസറും എഡിറ്ററും. ചെന്നൈയിൽ ഫ്രീലാൻസ് വീഡിയോ ജേണലിസ്റ്റായി പ്രവർത്തിച്ചിരുന്ന നിതിൻ ഡേവിഡ് വീഡിയോ വിഭാഗം മേധാവിയാണ്. യുണൈറ്റഡ് നേഷൻസിലെ മുൻ ഡെവലപ്‌മെന്റൽ ഇക്കണോമിസ്റ്റ് ഡോ. ശോഭ ദാസ് അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കുന്നു.ഉദ്ഘാടന ചടങ്ങിനുശേഷം കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും മുത്തങ്ങ ആദിവാസി ഭൂസമരത്തെക്കുറിച്ചും രണ്ട് പാനൽ ചർച്ചകൾ നടക്കും. പ്രോഗ്രാം ഷെഡ്യൂൾ ഇതിനൊപ്പം ചേർക്കുന്നു. വരും മാസങ്ങളിൽ കേരളത്തിലെ മറ്റ് നഗരങ്ങളിലും വിവിധ സാമൂഹിക മുന്നേറ്റങ്ങളുടെ അഭിമുഖങ്ങൾ പുറത്തിറക്കാൻ പദ്ധതിയുണ്ട്.














