Latest

അതുല്യയുടെ കൈപിടിച്ചിട്ട് ഒന്നര വർഷം, പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ഖത്തറിലെ സ്ഫോടനം; പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി മടക്കം

ദോഹ∙ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ച മലയാളി യുവാവ് അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പ്രവാസി സംഘടനകളുടെയും അധികൃതരുടെയും നേതൃത്വത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പ്രവാസത്തിന്റെ പുതിയ സ്വപ്നങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ നാളുകളിലൊന്നിലാണ് വിധി ദാരുണമായ സ്ഫോടനത്തിന്റെ രൂപത്തിൽ അർജുനെ തട്ടിയെടുത്തത്.

സ്ഫോടനത്തിൽ മരിച്ച 13 പേരിൽ കോഴിക്കോട് തൂണേരി വെള്ളൂരിലെ കളരിയുള്ളതിൽ അർജുൻ (30) എന്ന മലയാളി യുവാവും ഉൾപ്പെട്ടുവെന്ന വാർത്ത ഗൾഫിലെ പ്രവാസി സമൂഹത്തെയും ജന്മനാടിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ ആ ദുരന്തത്തിൽ മരിച്ചവരിൽ 12 പേരും ഇന്ത്യക്കാരാണ്. 66 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായിട്ടായിരുന്നു ആറു മാസം മുൻപ് കരാർ കമ്പനി വഴിയാണ് അർജുൻ ദുബായിൽനിന്ന് ഖത്തറിലേക്ക് ജോലിക്കായി മാറിയത്. മെച്ചപ്പെട്ടൊരു ജീവിതം കെട്ടിപ്പടുക്കാൻ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ അധ്വാനിക്കുമ്പോഴും നാട്ടിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളായിരുന്നു ആ യുവാവിന് കരുത്തുപകർന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു. എല്ലാവരോടും വളരെ സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന അർജുൻ ഏവർക്കും പ്രിയങ്കരനായിരുന്നു.ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തിരുന്ന യുവാവ്. എന്നാൽ, ഞായറാഴ്ച വൈകിട്ടുണ്ടായ ആ കരിനിഴൽ അർജുന്റെ എല്ലാ സ്വപ്നങ്ങളെയും ഒരു നിമിഷം കൊണ്ട് കരിച്ചുകളഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു വാണിമേൽ പുതുക്കയം സ്വദേശിനി അതുല്യയുമായുള്ള അർജുന്റെ വിവാഹം. ഒന്നിച്ചുള്ള ജീവിതത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞ് അധികം വൈകും മുൻപേ അതുല്യയെ കാത്തിരുന്നത് താങ്ങാനാവാത്ത ഈ വലിയ വിയോഗവാർത്തയായിരുന്നു. ഇനിയും കണ്ടുതീർക്കാത്ത എത്രയോ സ്വപ്നങ്ങൾ ബാക്കിവച്ചാണ് പ്രിയതമൻ യാത്രയായത്. പുറമേരി വെള്ളൂർ കളരിയുള്ളതിൽ ബാബുവിന്റെയും സീനയുടെയും മകനാണ് അർജുൻ.

ഒരു നാടിനാകെ പ്രിയപ്പെട്ടവനായിരുന്ന മകന്റെ വിയോഗവാർത്ത മാതാപിതാക്കൾക്കും സഹോദരി വിസ്മയയ്ക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. വെള്ളൂരിലെ അർജുന്റെ വീട് ഇപ്പോൾ ദുഃഖസാന്ദ്രമാണ്; ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരടക്കാനാവാത്ത വിതുമ്പലുകൾ മാത്രം. പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് ആ നാട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.