കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി നോട്ടിഫിക്കേഷൻ 31.12.2025 ന് അവസാനിച്ചതിനാൽ തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അധ്വാനഭാരം വർധിപ്പിക്കാതെ തന്നെ 01.01. 2026 മുതൽ പ്രാബല്യത്തോടെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് കേരള പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടുമായ പി പി ആലി.
ഇത് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്ലാന്റേഷൻ ഫെഡറേഷൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചെയർമാനും സംസ്ഥാന സർക്കാരിനും നിരവധി തവണ കത്തു നൽകിയിട്ടും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തോട്ടം മേഖലകളിൽ ദുരിത ജീവിതം നയിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുന്ന നയം അവസാനിപ്പിക്കണമെന്നും തൊഴിലാളികളെ അനുപാവപൂർവ്വം പരിഗണിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മുഴുവൻ തൊഴിലാളികളെയും അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാപ്പിത്തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സ്പെഷ്യൽ അലവൻസ് 10 രൂപയായി വർദ്ധിപ്പിക്കാനും അറുപതു കിലോഗ്രാമിന് മുകളിൽ രണ്ട് രൂപ അഡീഷണലായി നൽകാനുമുള്ള നടപടി ഉണ്ടാവണം. സർവീസ് വെയ്റ്റേജ് കാലാനുസൃതമായി വർദ്ധിപ്പിക്കാനും മാസശമ്പളക്കാർക്ക് തൊഴിൽ സീനിയോറിറ്റി അനുസരിച്ച് ഇൻക്രിമെന്റ് നൽകാനുള്ള നടപടി സ്വീകരിക്കണം. തേയിലം, കാപ്പി,റബ്ബർ ഉൾപ്പെടെ തോട്ടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സാ ചെലവ് പൂർണ്ണമായി നൽകുന്നതിനും ഹോസ്പിറ്റൽ ബില്ലുകൾ പൂർണ്ണമായി അംഗീകരിക്കുന്നതിനും നടപടി ഉണ്ടാവണം. മരണാനന്തര ചെലവുകൾക്കായി 10000 രൂപ അനുവദിക്കാനും തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകാനും തയ്യാറാവണം.
തോട്ടം തൊഴിലാളികൾക്ക് സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കാനും വീടുവയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് മാനേജ്മെന്റ് സ്ഥലം വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














