National

മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദിയെന്ന് അച്ഛൻ; പ്രതി കവർന്നത് 300 കിലോ സ്വർണം

പട്ന ∙ ഏറ്റുമുട്ടലിലൂടെ മകനെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് പൊലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിൻസിനെ വെടിവച്ചുകൊന്നത്. പൊലീസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ സിങ് നന്ദി പറഞ്ഞത്. വൈശാലി ജില്ലയിലെ ഹുസൈന ഖുർദ് ഗ്രാമത്തിലാണ് നന്ദ് കിഷോർ സിങ് താമസിക്കുന്നത്.

‘പൊലീസ് ചെയ്തത് നൂറു ശതമാനവും ശരിയാണ്. മകനെ നേർവഴിക്കു നടത്താൻ പരമാവധി ശ്രമിച്ചു, അവന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ കുടുംബത്തിന് യാതൊരു ബന്ധവുമില്ല’ പ്രിൻസിന്റെ മരണത്തിൽ മാധ്യമങ്ങളോടു പിതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

ബാങ്കുകളിൽനിന്നും ജ്വല്ലറികളിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിലൂടെയാണ് പ്രിൻസ് കുപ്രസിദ്ധി നേടിയത്. ഇയാളുടെ പേരിൽ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതിന് 31 കേസുകളാണുള്ളത്. ബിഹാർ, ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളിൽനിന്നായി 300 കിലോയിലധികം സ്വർണാഭരണങ്ങൾ പ്രിൻസ് അംഗമായ സുധോദ് സിങ്ങിന്റെ കൊള്ളസംഘം മോഷ്ടിച്ചിട്ടുണ്ട്.

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലണമെന്ന് മുൻപും നന്ദ് കിഷോർ സിങ് പൊലീസിനോടു ആവശ്യപ്പെട്ടിരുന്നു. പഠനകാലം മുതൽക്കേ കുറ്റകൃത്യങ്ങളിൽ പ്രിൻസ് ഏർപ്പെട്ടിരുന്നതായി പിതാവ് പറയുന്നു. മോശം കൂട്ടുകെട്ടാണ് മകനെ വഴിതെറ്റിച്ചതെന്നാണ് ഇദ്ദേഹം കരുതുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.