കല്‍പ്പറ്റ: പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് ബദലായി പുതിയൊരു കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് നാളെ (ഫെബ്രുവരി 10) ജില്ലയില്‍ ആവേശോജ്വല സ്വീകരണം നല്‍കുമെന്ന് ജില്ലാ യു ഡി എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 10ന് ചൊവ്വാഴ്ച വയനാട് ജില്ലയിലെത്തുന്ന യാത്രക്ക് മൂന്ന് നിയോജകമണ്ഡലങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
രാവിലെ 10 മണിക്ക് മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിക്ക് സമീപമുള്ള എം ജി ടി ഗ്രൗണ്ടിലും, മൂന്നുമണിക്ക് സുല്‍ത്താന്‍ബത്തേരി ചുള്ളിയോട് റോഡിലെ ഗാന്ധി ജംഗ്ഷനിലും, വൈകുന്നേരം നാലുമണിക്ക് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമായാണ് സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. സ്വീകരണ പരിപാടിക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയിലെ എം എല്‍ എമാര്‍, യു ഡി എഫിന്റെ നേതാക്കന്മാര്‍ ഉള്‍പ്പെടെ എല്ലാവരും സ്വീകരണപരിപാടികളില്‍ പങ്കെടുക്കും. വയനാട് ജില്ല അഭിമുഖീകരിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ജനങ്ങളുമായും സംഘടനാ പ്രതിനിധികളുമായും ‘പുതുയുഗത്തിനായി കാതോര്‍ത്ത്’ എന്ന പ്രത്യേക പരിപാടിയിലൂടെ അന്നേ ദിവസം ആശയവിനിമയം നടത്തും.
രാവിലെ എട്ടര മണിക്ക് മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ വെച്ചാണ് പ്രതിനിധികളുമായി ആശയവിനിമയം നടത്തുക. ഈ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിക്കുകയും വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാറിന്റെ വികസന പദ്ധതിയായി രൂപപ്പെടുത്തുകയും ചെയ്യും. ഇടതുഭരണത്തില്‍ വയനാട് ജില്ലയിലെ വിവിധ മേഖലകളില്‍ ഉണ്ടായ പരാജയങ്ങള്‍ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം ജനകീയ വിചാരണയായി പുതുയുഗ യാത്രയില്‍ അവതരിപ്പിക്കും.പത്തുവര്‍ഷമായി വര്‍ഷമായി വയനാടിന്റെ പ്രധാന പ്രശ്‌നങ്ങളെ അവഗണിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് സംസ്ഥാന ബജറ്റുകളില്‍ ഒന്നും തന്നെ വയനാടിന്റെ കാതലായ വിഷയങ്ങള്‍ക്ക് വേണ്ടി തുക വകയിരുത്തിയിട്ടില്ല.
നിലമ്പൂര്‍- നഞ്ചന്‍ഗോഡ് റെയില്‍പാതയ്ക്കായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ വയനാടിന്റെ വലിയ സാധ്യതയായ ടൂറിസം മേഖലയെ പൂര്‍ണമായും അവഗണിച്ചു. വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണ കവചം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ ഇനിയും പൂര്‍ണമായും പരിഗണിക്കപ്പെട്ടിട്ടില്ല. മാനന്തവാടിയിലെ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികള്‍ കഷ്ടപ്പെടുന്നു. ബ്രഹ്‌മഗിരി നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്ന കാര്യവും അതീവ പ്രാധാന്യത്തോടെ പരിഹരിക്കപ്പെടേണ്ടതുണ്ട്. പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്ര ജില്ലയില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് വയനാടിന് നല്‍കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യു ഡി എഫ് നേതാക്കളായ ജില്ലാകണ്‍വീനര്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍, ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ കെ റഷീദ് എന്നിവര്‍ പങ്കെടുത്തു.














