ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ മാനസികവും ശാരീരികവുമായ നിരന്തര പീഡനത്തെ തുടർന്ന് ബെംഗളൂരുവിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി. യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
കർണാടകയിലെ ബീദർ ജില്ലയിലെ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലുമായി 2022-ലാണ് അഞ്ജനാബായിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീൽ കുടുംബത്തിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ പിതാവ് വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച പോലീസ് സംഭവത്തിൽ കേസെടുത്തു.യുവതിയെ ഭർത്താവിന്റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തിരുന്നതായി വിജയകുമാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള ഗാർഹിക പീഡനം ഏറ്റതിന്റെ ഫലമായാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ ശേഖർ പാട്ടിലാണ്. മറ്റുള്ളവർ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നും സൂചനയുണ്ട്. മൂന്ന് പ്രതികളും നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.














