Uncategorized

ആലിന്‍ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക്; ആംബുലൻസ് പുറപ്പെട്ടു, വഴിയൊരുക്കി പൊലീസ്

തിരുവനന്തപുരം/ കൊച്ചി∙ ആലിന്‍ ഷെറിന്‍ ഏബ്രഹാം… പത്തു മാസം പ്രായമുള്ള ആ കുഞ്ഞുമാലാഖ ഈ ലോകം വിട്ടു പോയെങ്കിലും നിരവധി കുഞ്ഞുങ്ങളില്‍ പുതുജീവനായി തുടിക്കും. മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോള്‍ വാഹനാപകടത്തില്‍പെട്ട് ദിവസങ്ങളോളും ചികിത്സയിലായിരുന്ന ആലിന്‍ പിന്നീട് ഉണര്‍ന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവള്‍ എന്നെന്നേയ്ക്കുമായി വേര്‍പിരിഞ്ഞതിന്റെ തീരാനൊമ്പരത്തിനിടയിലും അവയവദാനമെന്ന മഹാദാനത്തിലേക്ക് കടക്കാന്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ചരിത്രത്തിന്റെ ഭാഗമാകും.

രണ്ടു വൃക്കകള്‍ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയായി. അതിനുശേഷം അവയവങ്ങൾ റോഡു മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇടപ്പള്ളി–തൃപ്പൂണിത്തുറ–കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അവയവങ്ങൾ കൊണ്ടുപോകുന്നത് KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലൻസിൽ. ഇന്നു രാത്രി തന്നെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കരള്‍ മാറ്റിവയ്ക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്ക് രണ്ടു വൃക്കകളും നല്‍കും.

ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി കുട്ടിയും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം ചങ്ങനാശേരിയിലേയും പിന്നീട് തിരുവല്ലയിലേയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചു.എട്ടു ദിവസമായി കുട്ടി വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. മാതാപിതാക്കൾ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചതോടെ സര്‍ട്ടിഫിക്കേഷന്‍ നടപടി ക്രമങ്ങളിലേക്കു കടന്നു. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്‌റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. ഇന്നലെ രാവിലെയായിരുന്നു ആദ്യ ടെസ്റ്റ്. ഇന്നു രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു. ഈ രണ്ടു ടെസ്റ്റും കഴിഞ്ഞാണ് അവയവ സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നത്.

അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ആറു മാസം പ്രായമുള്ള കുട്ടി കരള്‍ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന വിവരം അറിഞ്ഞു. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. ആലിനിന്റെ വൃക്കകള്‍ 5 സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്കു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശസ്ത്രക്രിയ നടത്തുന്നതു മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും. ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലുമാണ് കൊടുക്കുന്നത്. ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുകയെന്നും ഡോ. നോബിള്‍ പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു ശേഷം ഹെലികോപ്ടര്‍ പറത്തുന്നതില്‍ സാങ്കേതിക പ്രശ്‌നമുള്ളതിനാലാണ് റോഡ് മാര്‍ഗം അവയവം എത്തിക്കാൻ തീരുമാനിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.