Wayanad

വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു

വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി സർക്കാർ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഇതിന് പകരമായി സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവിടങ്ങളിൽ നിന്നായി 8.972.34 ഹെക്ടർ ഭൂമി പരിഹാര വനവൽക്കരണത്തിനായി വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു.വയനാടിന് ഒരു മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പായില്ല. പിന്നീട് 2016 മുതൽ എൽ.ഡി.എഫ് സർക്കാർ കേന്ദ്രതലത്തിലുള്ള അംഗീകാരങ്ങൾക്കായി ശ്രമങ്ങൾ ആരംഭിക്കുകയും, 2021 ഫെബ്രുവരി 14-ന് പിണറായി സർക്കാർ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു.ഘട്ടം ഘട്ടമായുള്ള വികസന പ്രവർത്തനങ്ങളിലൂടെ മെഡിക്കൽ കോളേജ് ഇപ്പോൾ ആധുനിക സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 45 കോടി രൂപ ചെലവിൽ ഏഴ് നിലകളുള്ള മൾട്ടിപർപ്പസ് കെട്ടിടം നിർമ്മിച്ചു. മെഡിക്കൽ കോളേജ് റോഡ് വികസനത്തിനായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാത്തലാബ്, പേവാർഡ്, കിടത്തി ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നവകേരള യാത്രയിൽ അനുവദിച്ച 7 കോടി രൂപയിൽ 4 കോടി രൂപ ചെലവഴിച്ച് ജപ്പാൻ നിർമ്മിത ആധുനിക സിടി സ്കാനർ സ്ഥാപിച്ചു. 35 ലക്ഷം രൂപ ചെലവിൽ പുതിയ എക്സ്റേ യൂണിറ്റും ഐസിയു ആംബുലൻസും ലഭ്യമാക്കി. കൂടാതെ, 32 ബെഡുകളോടു കൂടിയ പുതിയ ഡയാലിസിസ് സെന്റർ പ്രവർത്തന ഉദ്ഘാടനത്തിനായി സജ്ജമായിട്ടുണ്ട്.125 അധ്യാപക തസ്തികകളും 15 അനധ്യാപക തസ്തികകളും സർക്കാർ അനുവദിച്ചു. നഴ്സിംഗ് കോളേജ് പ്രവർത്തനമാരംഭിക്കുകയും എംബിബിഎസ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. ഒ.ആർ. കേളു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.25 കോടി രൂപയാണ് മെഡിക്കൽ കോളേജിന്റെ വികസനത്തിനായി നൽകിയത്. വനഭൂമി ഏറ്റെടുക്കുന്നതോടെ മെഡിക്കൽ കോളേജിന്റെ കെട്ടിട നിർമ്മാണത്തിന് പുതിയ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.