Kerala

ഭാര്യയെ സംശയം, അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി; ഭർത്താവിന് വധശിക്ഷ

മലപ്പുറം∙ ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽവച്ച് 2017 ജൂലൈ 23നാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.

കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ സ്ഥിരമായി സഹായത്തിന് വരാറുള്ള പണിക്കാരെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്നു പറഞ്ഞ് നജ്ബുദ്ദീൻ അറവിന് സഹായിക്കാൻ റഹീനയെയും കൂടെ കൂട്ടുകയായിരുന്നു. പുലർച്ചെ രണ്ടുമണിക്കാണ് റഹീന നജ്ബുദ്ദീനോടൊപ്പം ബൈക്കിൽ കയറി അറവുശാലയിലേക്ക് പോയത്. റഹീനയുടെ മാതാവ് സുബൈദയും സഹോദരി റിസാനയും വീട്ടിലുണ്ടായിരുന്നു.

പിറ്റേന്ന് റഹീനയെ നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ എത്തിയതായിരുന്നു അവർ. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് കയ്യിലുള്ള പണം തീർന്നപ്പോൾ പണമെടുക്കാനായി വീട്ടിലേക്ക് വരുമ്പോഴാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പൊലീസ് പിടിയിലായത്.പ്രതി നജ്ബുദ്ദീന് റഹീനയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ ശിക്ഷിക്കുന്നതിൽ നിർണായകമായത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി.ഷാജു ഹാജരായി. പ്രോസിക്യൂഷൻ ലെയ്സൺ ഓഫിസർമാരായ പി.അബ്ദുൽ ഷുക്കൂർ, ഷാജി മോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. താനൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.അലവിയാണ് കേസിൽ അന്വേഷണം നടത്തിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.