ബെംഗളൂരു∙ ലഹരി പാർട്ടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെ നാടകീയ രംഗങ്ങൾ. ഞായറാഴ്ച പുലർച്ചെ ബെംഗളൂരു നഗരത്തിലാണ് പൊലീസ് റെയ്ഡിനായി എത്തിയത്. ലഹരി പാർട്ടി നടക്കുന്നുവെന്ന് അയൽവാസികൾ പരാതി നൽകിയതോടെയാണ് പൊലീസ് ബ്രൂക്ക് ഫീൽഡിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്. ഇതോടെ പാർട്ടിയിൽ പങ്കെടുത്തിരുന്ന യുവതി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചു.
ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു 21വയസ്സുകാരിയായ യുവതിയുടെ ശ്രമം. ഇതിനിടെ നാലാം നിലയിൽ നിന്ന് യുവതി താഴേക്കു വീണു. പരുക്കേറ്റ യുവതിയെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയി. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ലഹരി പാർട്ടി നടത്തിയിരുന്ന സംഘത്തിൽ നിന്ന് പൊലീസ് പണം ആവശ്യപ്പെട്ടതായും ആരോപണം ഉയരുന്നുണ്ട്.














