തിരുവനന്തപുരം∙ വാഹനപരിശോധനയ്ക്കിടെ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നു പരാതി. കോലിയകോട് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷന്‍ കോളജിലെ വിദ്യാര്‍ഥി പള്ളിപ്പുറം സ്വദേശി അഭയകൃഷ്ണനെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ മര്‍ദിച്ചുവെന്നാണ് പരാതി.
രാവിലെ വാഹനപരിശോധനയ്ക്കിടെ ബൈക്കില്‍ ഹെല്‍മറ്റ് വയ്ക്കാതെ പോയ അഭയകൃഷ്ണനെ ഉദ്യോഗസ്ഥന്‍ ബൈക്കിനു മുന്നില്‍ കയറി തടയാന്‍ ശ്രമിച്ചു. എന്നാല്‍ കുറച്ചു മുന്നോട്ടു പോയ ശേഷമാണ് ബൈക്ക് നിര്‍ത്തിയത്. നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അഭയകൃഷ്ണനെ കൈയ്യേറ്റം ചെയ്തത്. നിര്‍ത്തിയ ബൈക്കിനടുത്തെത്തി മുഖത്ത് അടിക്കുന്നത് സിസിടിവിയിലുണ്ട്. അടുത്തെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്‍ കൈകാട്ടിയതെന്നും പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് കുറച്ചു മാറ്റി നിര്‍ത്തിയതെന്ന് അഭയകൃഷ്ണന്‍ പറഞ്ഞു. അപ്പോഴേക്കും പിന്നില്‍നിന്ന് ഓടിയെത്തിയ പ്രതാപന്‍ മുഖത്ത് അടിക്കുകയായിരുന്നു.
പിന്നീട് ലൈസന്‍സ് കൈയില്‍ ഇല്ലെങ്കില്‍ 11500 രൂപയും ലൈസന്‍സ് ഉണ്ടെങ്കില്‍ 6500 രൂപയും അടയ്‌ക്കേണ്ടിവരുമെന്നാണ് പറഞ്ഞത്. പണം നേരിട്ട് കയ്യിൽ കൊടുത്താല്‍ മതിയെന്നു പറഞ്ഞ് നമ്പരും തന്നുവെന്നും അഭയകൃഷ്ണന്‍ പറഞ്ഞു. അടിയില്‍ പരുക്കേറ്റ അഭയകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹെല്‍മറ്റ് വയ്ക്കാത്തതിന്റെ പേരില്‍ മര്‍ദിക്കേണ്ടതില്ലെന്നും പൊലീസില്‍ പരാതി കൊടുക്കുമെന്നും അഭയകൃഷ്ണന്‍ പറഞ്ഞു.














