Kerala

മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ..; നിയമ ലംഘനം: കുരുങ്ങിയത് 180 വിഐപി വാഹനങ്ങൾ

കാക്കനാട് ∙ റോഡിൽ ഗതാഗത നിയമം ലംഘിക്കുന്നതിൽ വിഐപികൾക്കും വലിയ പങ്ക്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതോളം പേരാണ് 6 മാസത്തിനിടെ മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുരുങ്ങിയത്. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇവരുടെ എണ്ണം നൂറ്റിഎൺപതോളം വരും. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ചിലർ ഉപയോഗിക്കുന്ന വാഹനം ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരന്തരം നിയമ ലംഘനം നടത്തുന്നവയും പല തവണ നോട്ടിസ് അയച്ചിട്ടും പിഴ അടക്കാത്തവയുമാണ് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഇതിൽ ഒരു പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ഒരു കാറും ഉൾപ്പെടുന്നു.64 ക്യാമറകളാണ് ജില്ലയിലെ വിവിധ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുളളത്. ഇതിൽ മാത്രം നിയമ ലംഘനത്തിന്റെ പേരിൽ അറുപതോളം വിഐപി വാഹനങ്ങൾ കുരുങ്ങിയിട്ടുണ്ട്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവയാണ് പ്രധാന കുറ്റങ്ങൾ. ഏതാനും വർഷം മുൻപു വരെ ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലാണ് മറ്റു വിഐപി വാഹനങ്ങൾ കുടുങ്ങിയത്. ഇതിൽ അമിത വേഗക്കാരുമുണ്ട്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും മോട്ടർ വാഹന വകുപ്പിന്റെ സ്വന്തം ഉദ്യോഗസ്ഥരും നിയമ ലംഘനത്തിന് ക്യാമറയിൽ കുടുങ്ങിയവരിൽ ഉൾപ്പെടും.

ക്യാമറയിൽ കുരുങ്ങി ഇ–ചലാൻ ആയിക്കഴിഞ്ഞാൽ എത്ര വലിയ ഉന്നതർ ഇടപെട്ടാലും പിഴയടച്ചേ തീരൂ. പിടിക്കപ്പെട്ടവരിൽ ആരെയും ഒഴിവാക്കി വിടാൻ സോഫ്റ്റ്‍വെയർ സമ്മതിക്കില്ല. വാഹനം കൈമാറൽ, റജിസ്ട്രേഷൻ പുതുക്കൽ‍, ഫിറ്റ്നസ് പരിശോധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടത്തി കിട്ടണമെങ്കിൽ കുടിശികയായി കിടക്കുന്ന പിഴ അടയ്ക്കേണ്ടി വരും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഒട്ടേറെ ജനപ്രതിനിധികൾ മോട്ടർ വാഹന വകുപ്പിലേക്കുള്ള പിഴത്തുക അടച്ചു തീർത്തിരുന്നു. സർക്കാരിലേക്ക് പണമടയ്ക്കാനുള്ളവരുടെ നാമനിർദേശ പത്രിക തള്ളിപ്പോകുമെന്ന നിബന്ധനയുള്ളതിനാലാണിത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.