Kerala

ഹേമചന്ദ്രൻ വധക്കേസ്: ഹണി ട്രാപ്പ് ഒരുക്കിയ ലിബ കരിപ്പൂരിൽ പിടിയിൽ; മകളുടെ സംശയം തെളിയിച്ച കൊലപാതകം

കോഴിക്കോട്∙ വയനാട് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുകളെ തുടർന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ പൊലീസ് പ്രതി ചേർത്ത ലിബ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. വിദേശത്തുനിന്ന് എത്തിയ ഇവരെ പൊലീസ് മുൻപു നൽകിയ ലുക്കൗട്ട് നോട്ടിസ് പ്രകാരമാണ് പിടികൂടിയത്. ഇവരെ അന്വേഷണസംഘത്തിനു കൈമാറും.ഹേമചന്ദ്രൻ വധക്കേസിന്റെ കുറ്റപത്രത്തിൽ അഞ്ചാം പ്രതിയായി ഉൾപ്പെടുത്തിയ ലിബ (41) വിദേശത്തേക്കു കടന്നിരുന്നു. ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്ക് ഹണി ട്രാപ്പ് കോളിലൂടെ ആകർഷിച്ച് വരുത്താൻ കണ്ണൂർ സ്വദേശിയായ ലിബയാണ് സഹായിച്ചതെന്നാണ് 2025 സെപ്റ്റംബർ 22 ന് കോഴിക്കോട് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച 445 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം കൂടി ഉൾപ്പെടുന്നതിനാൽ വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ലിബയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കേസിൽ മുഖ്യപ്രതിയായ പുല്ലമ്പി വീട്ടിൽ നൗഷാദ്(33) ഉൾപ്പെടെ പിടിയിലായ മറ്റ് അഞ്ചു പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.2024 മാർച്ചിലാണ് ഹേമചന്ദ്രനെ കോഴിക്കോട് മായനാട്ടെ വാടകവീട്ടിൽനിന്നു കാണാതാകുന്നത്. 2024 മാർച്ച് 20 മുതൽ കാണാനില്ലെന്നു കാണിച്ച് ഭാര്യ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തിരോധാന കേസ് ആയാണ് അന്വേഷണം തുടങ്ങിയതെങ്കിലും പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്നു തെളിഞ്ഞത്. ആസൂത്രിതമായ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വനത്തിൽനിന്നു കണ്ടെത്തിയ മൃതദേഹം ഹേമചന്ദ്രന്റേതു തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശരീരത്തിലേറ്റ ക്രൂരമായ മർദനവും ഗുരുതരമായ പരുക്കുകളുമാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഹേമചന്ദ്രനും കേസിലെ മുഖ്യപ്രതി നൗഷാദും തമ്മിലുണ്ടായിരുന്ന വലിയ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. ചിട്ടിക്കമ്പനിയുടെ പേരിലും പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞും ഹേമചന്ദ്രൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നതായി മൊഴികളിൽ തെളിഞ്ഞു. കേസിലെ മുഖ്യപ്രതിയായ വയനാട് ബത്തേരി പഴുപ്പത്തൂർ സ്വദേശി പുല്ലമ്പി വീട്ടിൽ നൗഷാദിനെ വിദേശത്തുനിന്നു മടങ്ങിയെത്തിയപ്പോൾ ബെംഗളൂരു വിമാനത്താവളത്തിലാണ് പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുത്തത്. ഹേമചന്ദ്രനെ കൊന്നിട്ടില്ലെന്നും സാമ്പത്തിക ബാധ്യത കാരണം ഹേമചന്ദ്രൻ ബത്തേരിയിലെ ഒരു വീട്ടിൽ തൂങ്ങിമരിച്ചതാണെന്നും ഭയം കാരണം മൃതദേഹം കാട്ടിൽ കുഴിച്ചുമൂടിയതാണെന്നുമാണ് ഒന്നാം പ്രതി നൗഷാദ് പൊലീസ് പിടിയിലാകുന്നതിനു മുൻപ് സോഷ്യൽ മീഡിയ വഴിയും പിടിയിലായ ശേഷം പൊലീസിനോടും വാദിച്ചത്.എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹേമചന്ദ്രന്റെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായതോടെ നൗഷാദിന്റെ ഈ വാദം തെറ്റാണെന്നു തെളിഞ്ഞു. കൊലപാതകത്തിനുശേഷം ഹേമചന്ദ്രൻ കർണാടകയിലുണ്ടെന്നു വരുത്തിത്തീർക്കാൻ ഹേമചന്ദ്രന്റെ മൊബൈൽ ഫോൺ പ്രതികൾ ഗുണ്ടൽപേട്ടിൽ എത്തിച്ച് സ്വിച്ച് ഓൺ ചെയ്തിരുന്നു. എന്നാൽ ഈ ഫോണിലേക്ക് കോൾ കണക്ട് ആയപ്പോൾ ഹേമചന്ദ്രന്റേതായി കേട്ട ശബ്ദത്തിൽ മകൾക്കു തോന്നിയ സംശയമാണ് കേസിൽ വഴിത്തിരിവായത്.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങി ഏഴു വകുപ്പുകൾ ചുമത്തിയാണ് പി.നൗഷാദ്(33), വി.എസ്.അജേഷ്(27), ജ്യോതിഷ് കുമാർ(35), വി.ആർ.വൈശാഖ്(35), മെൽബിൻ മാത്യു(23), വിദേശത്തേക്കു പോയ ലിബ(41) എന്നീ ആറുപേരെ പ്രതികളാക്കി പൊലീസ് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ എന്ന നിലയിലാണ് പി.നൗഷാദിനെ കുറ്റപത്രത്തിൽ പ്രതി ചേർത്തത്. ബത്തേരി മാടക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ്കുമാർ, വെള്ളപ്പന പള്ളുവടി വീട്ടിൽ ബി.എസ്.അജേഷ് എന്നിവർ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കാട്ടിൽ കുഴിച്ചിടാനും നൗഷാദിനെ നേരിട്ട് സഹായിച്ചു എന്ന കുറ്റത്തിനാണ് പ്രതി ചേർത്തത്. വി.ആർ. വൈശാഖ് ഗൂഢാലോചനയിലും കൃത്യത്തിലും പങ്കാളിയായി, മെൽബിൻ മാത്യു ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയശേഷം നിർബന്ധിത സാമ്പത്തിക കരാറിൽ സാക്ഷിയായി ഒപ്പിടുകയും കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിൽനിന്ന് ഒളിപ്പിച്ചു, ലിബ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്ക് ഹേമചന്ദ്രനെ ഹണി ട്രാപ്പിലൂടെ ആകർഷിച്ചു വരുത്തി എന്നിങ്ങനെയാണ് പ്രതികളെക്കുറിച്ചു കുറ്റപത്രത്തിലുളളത്. ഇതിൽ പിടികൂടാനുണ്ടായിരുന്ന ലിബയാണ് ഞായറാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പിടിയിലായത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.