കണ്ണൂർ∙ ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർ ജയിൽ മോചിതരായി. ഇന്നലെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്നു ഉച്ചതിരിഞ്ഞാണു ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി പ്രവർത്തകരെ പുറത്തിറക്കാനായത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ തിരക്കഥയിൽ, ഗൺമാന്റെ സംവിധാനത്തിൽ മന്ത്രി നിറഞ്ഞാടിയ സിനിമ പൊട്ടിപ്പാളീസായെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ജയിലിനു പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. എന്നാൽ മന്ത്രിയെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഞങ്ങളെ ജയിലിലടച്ചു. സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസുകൾ, കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പതാകകൾ തുടങ്ങിയവ നശിപ്പിച്ചു. കരിങ്കൊടി പ്രതിഷേധവുമായാണ് കെഎസ്‌യു പ്രവർത്തകർ വന്നതെന്ന് പൊലീസ് എസ്ഐ തന്നെ മൊഴി നൽകി. ഭരണകൂട വേട്ടയാണ് നടത്തുന്നത്. കേന്ദ്രത്തിൽ മോദി എങ്ങനെയാണോ പ്രതിഷേധത്തെ അടിച്ചമർത്തുന്നത് അതേ രീതിയിലാണ് ഇടതുപക്ഷ സർക്കാരും പ്രതിഷേധത്തെ അടിച്ചമർത്തുന്നത്. ജയിലറകൾ ഏറെ കണ്ടതാണ്. പ്രതിഷേധവുമായി കെഎസ്‌യു രംഗത്തുണ്ടാകും’’ – അതുൽ പറഞ്ഞു. വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരും ജയിൽ മോചിതരായി.
അതേസമയം, മന്ത്രിക്ക് ആയുധം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള പരുക്ക് ഏറ്റതായി ജില്ലാ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ല. കഴുത്തിന്റെ വലതുഭാഗത്തും പുറകുവശത്തും ചെവിയുടെ പുറകിലും വലതുകൈ മുട്ടിനും വേദനയുണ്ടെന്നാണു മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതെന്താണെന്ന് ഇന്നലെ കോടതി ചോദിച്ചു. സംഭവ സ്ഥലത്തു നിന്ന് തന്നെ പ്രതികളെ പിടികൂടിയെങ്കിലും ആയുധം പിടിച്ചെടുത്തില്ല. തെളിവെടുപ്പിന് എത്തിച്ചപ്പോഴും ആയുധം കണ്ടെത്താൻ സാധിച്ചില്ലെന്നും ജാമ്യം നൽകിയ വിധിയിൽ പറയുന്നു. കഴിഞ്ഞ മാസം 25നാണ് മന്ത്രിക്ക് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുണ്ടായത്. മന്ത്രിയെ ഏതോ ആയുധം ഉപയോഗിച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്നാണു കേസ്.














