National

മണ്‍സൂണ്‍ മേഘങ്ങള്‍ അപ്രത്യക്ഷം!; മഴയില്‍ 64 ശതമാനം കുറവ്, വില്ലനായി പടിഞ്ഞാറന്‍ കാറ്റ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ട്. ജൂണ്‍ 4നും ജൂണ്‍ 15നും ഇടയില്‍ ഇന്ത്യയില്‍ ശരാശരി 53.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 19.2 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 15-ന് ഇന്‍സാറ്റ്-3ഡിഎസ് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ മണ്‍സൂണിന്റെ കുറവ് കൂടുതല്‍ വ്യക്തമാണ്. സജീവമായ കാലവര്‍ഷത്തില്‍ സാധാരണ കാണാറുള്ള വിപുലമായ മേഘാവരണത്തിന് പകരം, ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവമാണുള്ളത്. ഹിമാലയന്‍ പ്രദേശം, വടക്കുകിഴക്കന്‍ ഇന്ത്യ, ഇന്‍ഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കാര്യമായി മേഘങ്ങളുള്ളത്. കൂടാതെ, അറബിക്കടല്‍ വഴിയുള്ള കാലവര്‍ഷവും ദുര്‍ബലമാണ്.കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയെങ്കിലും മഴ കുറയാന്‍ കാരണം കടലിലെ ഈര്‍പ്പത്തിന്റെ കുറവല്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍, ഭൂനിരപ്പില്‍നിന്ന് കിലോമീറ്ററുകള്‍ക്ക് മുകളില്‍ നടക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തുള്ള പടിഞ്ഞാറന്‍ ജെറ്റ് സ്ട്രീം എന്ന വായുപ്രവാഹം സാധാരണയേക്കാള്‍ തെക്കോട്ട് മാറിയതാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഇത് ഇന്ത്യയിലെ കാലവര്‍ഷം നിലനിര്‍ത്താന്‍ സഹായിക്കുന്ന കിഴക്കന്‍ ജെറ്റ് സ്ട്രീമിനെ തടസ്സപ്പെടുത്തുന്നതായും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

സാധാരണനിലയില്‍ കിഴക്കന്‍ ജെറ്റ് സ്ട്രീം മഴമേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായത് മേഘങ്ങള്‍ രൂപപ്പെടുന്നതിനെ തടയുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. ഇതൊരു താല്‍ക്കാലികമായ ‘മണ്‍സൂണ്‍ പോസ്’ ആണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ ക്രമീകരണങ്ങളില്‍ മാറ്റംവരുന്നതോടെ മഴ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.