മുംബൈ: യുവതിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിലായി. നാസിക്ക് സ്വദേശിയായ അശോക് ഖാരാത്തി(67)നെയാണ് 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ്‌ചെയ്തത്. അതേസമയം, യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗംചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ഏകദേശം 58-സ്ത്രീകളുമായുള്ള അശ്ലീലവീഡിയോകളാണ് പ്രതിയിൽനിന്ന് കണ്ടെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
ഹിപ്‌നോട്ടിസമെന്ന് പറഞ്ഞ് ലഹരിമരുന്ന് നൽകി മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് 35-കാരി അശോക് ഖാരാത്തിനെതിരേ പരാതി നൽകിയിരുന്നത്. തന്റെ വിശ്വാസത്തെ ഇയാൾ ചൂഷണംചെയ്‌തെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകളെ പ്രതി ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് കണ്ടെത്തിയത്.ജ്യോത്സ്യനായ അശോക് ഖാരാത്ത് റിട്ട. മർച്ചന്റ് നേവി ഓഫീസറാണ്. വിഐപി ജ്യോത്സ്യനായി അറിയപ്പെട്ടിരുന്ന പ്രതി, ‘ക്യാപ്റ്റൻ’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. തുടർന്ന് സ്ത്രീകൾ പ്രശ്‌നപരിഹാരത്തിനായി വരുമ്പോൾ ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിക്കുന്നതായിരുന്നു രീതി. ഭർത്താവ് മരിക്കുമെന്നും മന്ത്രവാദംചെയ്ത് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയും ഇയാൾ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഓഫീസിനുള്ളിൽ ഒട്ടേറെ രഹസ്യ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായി കണ്ടെത്തി. പ്രതിയുടെ കൈയിൽനിന്ന് നിരവധി സ്വകാര്യവീഡിയോകളടങ്ങിയ പെൻഡ്രൈവും പോലീസ് പിടിച്ചെടുത്തു. ഏകദേശം 58-ഓളം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തതിന്റെ ദൃശ്യങ്ങളാണ് ഈ പെൻഡ്രൈവിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ വീഡിയോകളെല്ലാം നാസിക് ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്.














