വിശാഖപട്ടണം: നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയിൽനിന്ന്, മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ശീതളപാനീയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. സംഭവം നടന്ന കൃത്യമായ സ്ഥലമോ സമയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. മറിഞ്ഞ ലോറിയിൽനിന്ന് നാട്ടുകാർ ശീതളപാനീയ കുപ്പികൾ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.നെല്ലൂർ ജില്ലയിൽ ദേശീയ പാതയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. റോഡരികിൽ മറിഞ്ഞുകിടക്കുന്ന ലോറിക്ക് ചുറ്റും ചിതറിക്കിടക്കുന്ന ശീതളപാനീയ കുപ്പികൾ ശേഖരിക്കാൻ ആളുകൾ തിക്കിത്തിരക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ ഡ്രൈവറെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെ, കിട്ടാവുന്നത്ര കുപ്പികൾ സ്വന്തമാക്കാനായിരുന്നു അവിടെ തടിച്ചുകൂടിയവരുടെ ശ്രമം. വാഹനത്തിന് അടുത്തേക്ക് ഓടിയെത്തുന്ന ആളുകൾ കുപ്പികളുമായി സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.ഒടുവിൽ പോലീസ് എത്തിയാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയത്. മനുഷ്യത്വമില്ലാത്ത ഈ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ദാരിദ്ര്യമല്ല, മറിച്ച് മനുഷ്യന്റെ തെറ്റായ മനോഭാവമാണ് ഇതിന് പിന്നിലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഈ ആൾക്കൂട്ടം ഇത്തരത്തിൽ പെരുമാറുന്നതെന്നും നിസാര പൈസയ്ക്ക് വേണ്ടി എന്തിനാണ് ഇത്രയും ക്രൂരത കാട്ടുന്നതെന്നും മറ്റൊരാൾ ചോദിച്ചു.













