Kerala

‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം’; ജയിലിൽ കഴിയാന്‍ മോഷണം, യുവാവ് പിടിയിൽ

തിരുവനന്തപുരം∙ എങ്ങിനെയെങ്കിലും പൊലീസിന്റെ പിടിയിലായി ജയിലില്‍ കിടക്കാന്‍ ശ്രമിക്കുന്ന ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെ പോലെയാണ് കോവളത്ത് കഴിഞ്ഞ ദിവസം മോഷണക്കേസില്‍ പിടിയിലായ ആവാടുതുറ സ്വദേശി ദിലീപ് ഖാന്‍ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താന്‍ വീണ്ടും മോഷ്ടിക്കുന്നതെന്നാണ് ദിലീപ് ഖാന്‍ പൊലീസിനോടു പറഞ്ഞത്. മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും പിടിയിലായപ്പോഴായിരുന്നു ദിലീപ് ഖാന്റെ വെളിപ്പെടുത്തൽ. ജയിലിനു പുറത്തിറങ്ങിയ തനിക്കു പലയിടത്തു നിന്നും ശല്യങ്ങള്‍ നേരിടുന്നുണ്ട്. അതിനാലാണ് മോഷണം നടത്തി വീണ്ടും ജയിലിലേക്ക് പോകുന്നതെന്നും ദിലീപ് പൊലീസിനോട് പറഞ്ഞു.

ജയിലിലെ ചിട്ടയായ ജീവിതവും വൃത്തിയുള്ള ഭക്ഷണവും നല്ല ചികിത്സയും തനിക്ക് ഇഷ്ടമാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ ജയില്‍ അടുക്കളയിലെ ‘സീനിയര്‍ മേസ്തിരി’ കൂടിയാണ് ദിലീപ്. അവിടെ ലഭിക്കുന്ന ജോലിക്കൂലിയും ആകര്‍ഷണമായി. ഈ സൗകര്യങ്ങള്‍ ആസ്വദിക്കാനായി കോവളം മേഖലയിലെ രണ്ടിടങ്ങളില്‍ ഇയാള്‍ മോഷണം നടത്തുകയായിരുന്നു. വിഴിഞ്ഞം, കോവളം മേഖലകളിലായി ഇരുപത്തിയൊന്നിലധികം ചെറുതും വലുതുമായ മോഷണക്കേസുകളില്‍ പ്രതിയാണ് ദിലീപ് ഖാനെന്ന് പൊലീസ് അറിയിച്ചു.

ജയിൽ‍ മോചിതനായശേഷം ബീച്ച് റോഡിലെ രണ്ടു കടകളിലാണ് ഇയാള്‍ ഒരേദിവസം മോഷണം നടത്തിയത്. ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് മിനി മാര്‍ക്കറ്റ് എന്ന കടയില്‍ നിന്ന് 40,000 രൂപയും ഡിവിആര്‍ കുത്തിപ്പൊളിച്ച് 5000 രൂപ വില വരുന്ന ഹാര്‍ഡ് ഡിസ്‌കുമാണ് മോഷ്ടിച്ചത്. പൊളിക്കാനുപയോഗിച്ചുവെന്നു കരുതുന്ന പിക്കാസ് കടക്കുള്ളില്‍ കണ്ടെത്തി. മറ്റൊരു സംഭവത്തില്‍ ഹവ്വാ ബീച്ച് റോഡിനു സമീപം ഷാനവാസിന്റെ കോഴിക്കടയില്‍ നിന്നു മൊബൈല്‍ ഫോണുള്‍പ്പെടെ 13,000 രൂപ വിലയുള്ള വസ്തുക്കളും 44,000 രൂപയും മോഷ്ടിച്ചു. രാത്രിയോടെ തന്നെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.