ഒരു മാസം മുമ്പാണ് തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മനോഹരമായ പോസ്റ്റിലൂടെ ഇരുവരും തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഹൽദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ രശ്മികയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും ചർച്ചയാവുകയാണ്. ‘ഇനി ഞങ്ങൾ മൂന്ന് പേരാണ്’ എന്ന കുറിപ്പോടെ ഒരു വീഡിയോയാണ് നടി പോസ്റ്റ് ചെയ്തത്. Terribly Tiny Tales (TTT) -ന്റെ ‘രശ്മിക ആന്റ് റൂ’ എന്ന ആനിമേറ്റ്ഡ് സീരിസിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ പങ്കുവെച്ചത്.രശ്മികയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ‘റൂ’ എന്ന ആനിമേറ്റഡ് കഥാപാത്രത്തിനും മഞ്ഞ നിറത്തിലുള്ള ഒരു പൂവിന്റെ കഥാപാത്രത്തിനുമൊപ്പം ഈ സീരിസിൽ വിജയ് കൂടി എത്തുന്നുവെന്നാണ് ഈ പോസ്റ്റിലൂടെ രശ്മിക ഉദ്ദേശിച്ചത്. എന്നാൽ വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ ഒന്നിച്ച ഇരുവരുടേയും കെമിസ്ട്രി ആനിമേറ്റ്ഡ് സീരിസിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് ഇരുവരുടേയും വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇതിൽ പങ്കെടുത്തത്. അതിനുശേഷം ഹൈദരാബാദിൽ സിനിമാ മേഖലയിലുള്ളവർക്കായി വിരുന്നും ഒരുക്കിയിരുന്നു.














