അഗളി ∙ ആനമൂളി ചെക്പോസ്റ്റ് തകർത്ത് വാഹനം കടന്ന സംഭവത്തിൽ അട്ടപ്പാടി ചുരം റോഡിൽ രാവിലെ 5.30നും 6.30നും ഇടയിൽ നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്. ചുരത്തിൽ വാഹനം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചിടുകയും ചെയ്തിരുന്നു. സംഭവത്തിൽ 3 കേസ് എടുത്തെങ്കിലും ഡ്രൈവറെ പിടികൂടാനായിട്ടില്ല. 6ന് രാവിലെ ആനക്കട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനു പിന്നാലെയാണ് ആനമൂളി സ്വദേശി ഓടിച്ചിരുന്ന കാർ ആനമൂളിയിലെ വനംവകുപ്പിന്റെ ചെക്പോസ്റ്റ് കടന്നത്. മദ്യം കടത്തുന്നുവെന്ന വിവരം പൊലീസിൽനിന്ന് ലഭിച്ചതിനെ തുടർന്ന് മുക്കാലിയിലെ ചെക്പോസ്റ്റ് അടച്ചിരുന്നു. തുടർന്നു കാർ തിരിച്ച് മറ്റൊരു വഴിയിലൂടെ കടക്കാൻ ശ്രമിച്ചു.ഇവിടെ കാത്തുനിന്നിരുന്ന ഡാൻസാഫ് ടീം തടയാൻ ശ്രമിച്ചെങ്കിലും പൊലീസുകാരെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സിപിഒ ജാഫറിന് പരുക്കേറ്റു. തിരികെ ചുരത്തിലൂടെ പാഞ്ഞ് ആനമൂളിയിലെ ചെക്പോസ്റ്റിലെത്തി. ചെക്പോസ്റ്റ് അടച്ച് വനംവകുപ്പ് ജീവനക്കാർ കാത്തുനിൽക്കുന്നത് കണ്ട് തിരിച്ചെങ്കിലും ഇതിനകം പൊലീസ് വാഹനം പിറകിലെത്തിയിരുന്നു. കുടുങ്ങിയെന്ന് ഉറപ്പായതോടെ നടുറോഡിൽ കാർ തിരിച്ച് ചെക്പോസ്റ്റിലെ ക്രോസ്ബാർ ഇടിച്ചു തകർത്തു കടക്കുകയായിരുന്നു. വാഹനം പിന്നീട് പൊലീസ് പിടികൂടി. തോളിലും കൈമുട്ടിലും എല്ലിന് പൊട്ടലുൾപ്പെടെ പരുക്കുകളുള്ള സിപിഒ ജാഫർ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.














