Kerala

എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ്: ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്

ന്യൂഡൽഹി∙ ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായും അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ 14ന് ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു ഈ പൈലറ്റ്.

സാൻഫ്രാസിസ്കോയിൽ എത്തിയ ശേഷം മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു. സാൻഫ്രാൻസിസ്കോയിൽ എത്തിയപ്പോൾ പ്രാദേശിക നിയമങ്ങൾ ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ തിരിച്ചയച്ചു. പൈലറ്റിന്റെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നുവെന്നാണു സൂചനയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

‘‘നിയമങ്ങൾ ലംഘിക്കുന്ന നടപടികളോട് എയർ ഇന്ത്യ സഹിഷ്ണുത കാണിക്കില്ല. സുരക്ഷ, അച്ചടക്കം, തൊഴിൽപരമായ പെരുമാറ്റം എന്നിവയിൽ വിട്ടുവീഴ്ചയില്ല. കമ്പനിയുടെ നയങ്ങൾക്കനുസരിച്ച് കർശനമായ അച്ചടക്ക നടപടികൾ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കും’’ – എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.