വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന് സ്ഥലത്തെത്തി റവന്യൂ മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ ആ പെൻസിൽ വരെ മായ്ച്ചുക്കാണിച്ചിരുന്നു.ബഹു. റവന്യൂ മന്ത്രി നേരിട്ട് അവിടെ പോയി കാര്യങ്ങൾ പരിശോധിച്ചതാണ്. വീടുകളിൽ വിള്ളൽ കണ്ടെത്തി എന്നതൊക്കെ വെറും പച്ചക്കള്ളമാണ്. വീടുകളുടെ ‘വാട്ടർ പ്രൂഫിങ്’ നടപടികൾ പൂർത്തിയായിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളിൽ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ മാർക്കിംഗുകളെയാണ് വിള്ളലുകളായി ചിലർ തെറ്റായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന് ഇക്കാര്യത്തിൽ വലിയ ജാഗ്രതയുണ്ട്. ഗുണനിലവാരം നൂറുശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ഞങ്ങൾ ദുരന്തബാധിതർക്ക് കൈമാറില്ല. നിർമ്മാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ ചുമതല. സുതാര്യത ഉറപ്പാക്കാൻ വേണ്ടി മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. അഞ്ച് വർഷത്തിനിടയിൽ എന്തെങ്കിലും പരാതികൾ ഇല്ലെങ്കിൽ മാത്രമേ ഈ തുക അവർക്ക് വിട്ടുനൽകുകയുള്ളൂ. ഗുണഭോക്താക്കൾ നേരിട്ട് കണ്ട് തൃപ്തി രേഖപ്പെടുത്തിയ ശേഷം മാത്രമേ താക്കോൽ കൈമാറ്റം നടക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.













