World

സ്വന്തമായി കോടികളുടെ സ്വത്ത്, വിവാഹം കഴിഞ്ഞ് 3 മാസം; 22കാരി മരിച്ച നിലയിൽ, ദുരൂഹത

ഗ്രേറ്റർ നോയിഡ ∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയില്‍ 22കാരിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോണിക നഗറാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുൻപാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ഭർത്താവും വീട്ടുകാരുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. മോണിക്കയുടെ പേരിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. ഇത് സ്വന്തമാക്കാനായി ഭര്‍ത്താവും വീട്ടുകാരും ചേർന്ന് മകളെ കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

മോണിക്കയും അനൂജ് ചൗഹാനും തമ്മിൽ പ്രണയത്തിലായിരുന്നു. 2026 ഫെബ്രുവരി 17ന് കോടതി ഇടപെടലിനെ തുടർന്നാണ് ഇരുവരും വിവാഹിതരായത്. മോണിക്കയെ യുവാവും വീട്ടുകാരും വഞ്ചിക്കുകയായിരുന്നെന്നും വിവാഹത്തിന് ശേഷം അവളുടെ പേരിലുള്ള സ്വത്തുക്കളെല്ലാം ഭർത്താവിന്റെ പേരിലേയ്ക്ക് ആക്കണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.

വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ തന്നെ മോണിക്കയെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കാൻ തുടങ്ങിയെന്നും സ്വത്തിന് വേണ്ടിയാണ് അനൂജ് മോണിക്കയെ വിവാഹം ചെയ്തതെന്നും മോണിക്കയുടെ സഹോദരൻ അനിൽ പറഞ്ഞു.

‘‘വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മോണിക്ക വീട്ടിലേക്ക് വിളിച്ചിരുന്നു. അനൂജും കുടുംബവും തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും സ്വത്തുക്കൾ അവരുടെ പേരിലേക്ക് മാറ്റാൻ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പറഞ്ഞു. ഇല്ലെങ്കിൽ അവളെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും മോണിക്ക ഫോൺ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞതോടെ അമ്മ മോണിക്കയുടെ അടുത്തേയ്ക്ക് പുറപ്പെട്ടു. ഏതാണ്ട് 8 മണിയോടെ അമ്മ അവർ താമസിക്കുന്ന വീട്ടിലെത്തി. എന്നാൽ വീടിന് ചുറ്റും ആൾക്കൂട്ടത്തെയാണ് കണ്ടത്. അതിനിടയിലൂടെ മോണിക്കയെ അനൂജ് കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടു. ഞങ്ങൾ അവരെ പിന്തുടർന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മോണിക്ക മരിച്ചിരുന്നു. തിരികെ പോകുകയായിരുന്ന അനൂജിന്റെ വാഹനം തടയാൻ അമ്മ ശ്രമിച്ചപ്പോൾ അവർ അമ്മയെ ആക്രമിക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു’’– അനിൽ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നൽകിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.