National

രജനിക്കും കമലിനുമായില്ല, സ്വയം വഴിവെട്ടി വന്നു; ഇനി ‘മുഖ്യൻ’ ബിഗിലേ

ചെന്നൈ ∙ ‘ ‘234 മണ്ഡലങ്ങളിലും ടിവികെയ്ക്കുവേണ്ടി ഞാനാണു മത്സരിക്കുന്നത്’’ – വൈകാരികമായിരുന്നു തിരഞ്ഞെടുപ്പു വേദികളിലെ ആ പ്രഖ്യാപനം. വോട്ടെടുപ്പിന്റെ തലേന്ന് കൈകൾ തലയ്ക്കുമീതേ കൂപ്പി തമിഴക വെട്രികഴകം (ടിവികെ) പാർട്ടിയുടെ നായകൻ വിജയിന്റെ അപേക്ഷ: ‘‘എനിക്കൊരു അവസരം തരൂ…’’– സ്ക്രീനിലെ സൂപ്പർതാരം നേരിട്ടു നടത്തിയ അഭ്യർഥന തമിഴകം തള്ളിക്കളഞ്ഞില്ല.

‘‘ഇത് മറ്റുള്ളവർക്ക് വെറും ഇലക്‌ഷൻ, വിജയിനും കൂട്ടർക്കും ഇത് ഒരു ഇമോഷൻ’’ എന്ന ഡയലോഗടക്കം കൃത്യമായ തിരക്കഥയിൽ ഒരുക്കിയെടുത്ത പ്രചാരണത്തിലൂടെയാണ് വിജയ് മുഖ്യമന്ത്രിക്കസേര എന്ന ക്ലൈമാക്സിലേക്ക് കഥയെത്തിച്ചത്. സൂപ്പർസ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും അടിയറവു പറഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തിൽ സ്വന്തം സൈന്യം സൃഷ്ടിച്ചാണ് സി.ജോസഫ് വിജയ് (51) മുഖ്യമന്ത്രിക്കസേര സ്വന്തമാക്കുന്നത്. വിവാദങ്ങളിൽ ഉലഞ്ഞപ്പോൾ പോലും ‌‘ജെന്റിൽമാൻ’ പരിവേഷം അദ്ദേഹം ഉടവ് തട്ടാതെ കാത്തു.

മകനെ രാഷ്ട്രീയത്തിലേക്കു വഴിതിരിച്ചുവിടാൻ ഡിഎംകെയെ ആശ്രയിക്കാനായിരുന്നു കടുത്ത പാർട്ടി അനുഭാവിയായിരുന്ന പിതാവും ചലച്ചിത്ര സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിന്റെ പദ്ധതി. എന്നാൽ, കരുണാനിധിക്കു പിന്നാലെ സ്റ്റാലിനും തൊട്ടുപിന്നാലെ ഉദയനിധിയും എത്തിയതോടെ ആ കണക്കുകൂട്ടൽ തെറ്റി. അതോടെ, ആരാധക സംഘത്തെ ശക്തിപ്പെടുത്താനുള്ള നീക്കം തുടങ്ങി.

ലൊയോള കോളജിൽ ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ പഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാതെ സിനിമയ്ക്കു പിന്നാലെ പോയ വിജയ് ലക്ഷക്കണക്കിന് ആരാധകരുടെ സൈന്യത്തെ വാർത്തെടുക്കുന്നതിൽ വിജയിക്കുന്നതിനാണു തമിഴകം പിന്നീടു സാക്ഷ്യം വഹിച്ചത്. ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും 18–ാം വയസ്സിൽ പിതാവ് സംവിധാനം ചെയ്ത ‘നാളെയേ തീർപ്പ്’ (1992) എന്ന സിനിമയിലാണു മുഖ്യവേഷത്തിൽ എത്തിയത്. പരാജയങ്ങളുണ്ടായെങ്കിലും 1996നു ശേഷം വിജയ് കളം പിടിച്ചു. ഗില്ലി (ധീരൻ) ഉൾപ്പെടെയുള്ള ചിത്രങ്ങൾ സൂപ്പർതാര പദവി നൽകി.

2012 –17 കാലത്താണു സിനിമകളിലൂടെ രാഷ്ട്രീയം പറഞ്ഞു തുടങ്ങിയത്. 2024 ഫെബ്രുവരിയിൽ സിനിമ ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങി. മകന്റെ പ്രധാന രാഷ്ട്രീയ യോഗങ്ങളിൽ, ഗായികയായ അമ്മ ശോഭയുടെയും അച്ഛൻ ചന്ദ്രശേഖറിന്റെയും സാന്നിധ്യമുണ്ടാകാറുണ്ട്.

‘വീട്ടിൽ സമാധാനമുണ്ടെങ്കിലേ നാട്ടിൽ ജയിക്കാനാവൂ’ എന്ന വിജയിന്റെ തത്വം പക്ഷേ, സ്വന്തം ജീവിതത്തിൽ വിജയിച്ചില്ല. ആരാധികയായ ശ്രീലങ്കൻ വംശജയും യുകെ സ്വദേശിനിയുമായ സംഗീത സ്വർണലിംഗത്തെ 1999 ലാണ് വിവാഹം കഴിച്ചത്. കുടുംബജീവിതത്തിൽ ഉലച്ചിലുണ്ടായി. സംഗീതയും മക്കളായ സഞ്ജയ്, ദിവ്യ സാഷ എന്നിവരും പാർട്ടിയിൽനിന്നടക്കം വിട്ടുനിന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വിവാഹേതരബന്ധം ആരോപിച്ച് സംഗീത രംഗത്തെത്തിയെങ്കിലും വിജയ് പ്രതികരിച്ചില്ല. താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നടിയുമൊത്ത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിൽനിന്ന് വിജയിനെ പിന്നോട്ടു വലിക്കാൻ ഒരു വിവാദത്തിനുമായില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.