National

മകൾ വിവാഹിതയായാലും കന്യാസ്ത്രീയായാലും ഭൂമി മകന്: വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

കൊച്ചി ∙ മകൾ വിവാഹിതയോ കന്യാസ്ത്രീയോ ആയാൽ അവർക്കു നൽകിയ ഭൂമി മകനു ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ നിലനിൽക്കില്ലെന്നു ഹൈക്കോടതി. ഈ വ്യവസ്ഥ പ്രകാരം സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശിയുടെ അപ്പീൽ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എസ്.ഈശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്. അപ്പീൽ ഹർജിക്കാരന്റെ സഹോദരിക്ക് 1965ൽ ധനനിശ്ചയ ആധാരപ്രകാരം പിതാവ് 10 സെന്റ് സ്ഥലം നൽകി. എന്നാൽ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ ഈ സ്വത്തിലുള്ള അവകാശം ഇല്ലാതാകുമെന്നും സഹോദരനു ലഭിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.1973ൽ സഹോദരി വിവാഹിതയായി. പിതാവ് 1983ൽ മരിച്ചു. സഹോദരി വിദേശത്തേക്കും പോയി. തുടർന്ന് സഹോദരൻ സ്ഥലം തന്റെ പേരിൽ പോക്കുവരവ് ചെയ്തു. ഇതിനെതിരെ സഹോദരി മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. അപ്പീലിൽ കോട്ടയം അഡീഷനൽ ജില്ലാ കോടതി അനുകൂലമായി വിധിച്ചു. ഇതിനെതിരെയാണ് സഹോദരൻ ഹൈക്കോടതിയെ സമീപിച്ചത്.

സ്വത്ത് കൈമാറ്റ നിയമം പ്രകാരം, നിയമം വിലക്കിയതും പൊതുനയത്തിന് എതിരായതുമായ വ്യവസ്ഥ അസാധുവും നടപ്പിലാക്കാൻ കഴിയാത്തതുമാണെന്നു കോടതി വിലയിരുത്തി. മകൾ വിവാഹം കഴിച്ചാലോ, കന്യാസ്ത്രീയായാലോ സ്വത്ത് മകനു തിരിച്ചെത്തുമെന്ന വ്യവസ്ഥ അസാധുവാണ്. പൂർണമായ കൈമാറ്റമാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ കരാർ നിയമപ്രകാരവും ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ അസാധുവാണ്. ലഭിച്ച 10 സെന്റിൽ ഹർജിക്കാരന്റെ സഹോദരിക്ക് പൂർണ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.