National

‘അരക്കോടിയുടെ സ്വർണവും 11 ലക്ഷവും സ്കോർപിയോയും കൊടുത്തു; എന്നിട്ടും അവരെന്റെ മകളെ കൊന്നു’

നോയിഡ ∙ ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ ‍ഞായറാഴ്ച രാത്രി ഭർത്താവിന്റെ വീടിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഇരുപത്തഞ്ചുകാരിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. 17 മാസം മുൻപു വിവാഹിതയായ ദീപിക നാഗറിനെ ഭർത്താവ് റിതിക് തൻവാറും അയാളു‌െട മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ദീപികയുടെ മൃതദേഹത്തിൽ കത്തിയോ സ്ക്രൂഡ്രൈവറോ ഉപയോഗിച്ചു കുത്തിയതിന്റെ മുറിപ്പാടുണ്ടെന്നും പിതാവ് സഞ്ജയ് നാഗർ ആരോപിച്ചു. സഞ്ജയ്‌യുടെ പരാതിയിൽ റിതിക്കിനെയും പിതാവ് മനോജ് തർവാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപികയുടെ മരണം കൊലപാതകമാണോ എന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഭോപാലിൽ ‌ട്വിഷ ശർമ എന്ന 33 കാരി ഭർതൃഗൃഹത്തിൽ കൊല്ലപ്പെട്ട് ഒരാഴ്ച കഴിയുംമുൻപാണ് മറ്റൊരു സ്ത്രീധന മരണം കൂടി വാർത്തയാകുന്നത്.

ഭർത്താവിന്റെ വീ‌ട്ടിൽ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാവുകയാണെന്ന് ദീപിക പറഞ്ഞിരുന്നെന്നു പിതാവ് സഞ്ജയ് പറഞ്ഞു. ‘കഴിഞ്ഞ പത്തു മാസമായി അവൾ ഞങ്ങളോ‌ടു പരാതി പറയുന്നുണ്ടായിരുന്നു. എല്ലാം ശരിയാവുമെന്ന് ഞങ്ങൾ അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് അവളുടെ വിവാഹം നടത്തിയത്. 11 ലക്ഷം രൂപയും 50 ലക്ഷം രൂപയുടെ സ്വർണവും ഒരു സ്കോർപിയോ കാറും ഫർണിച്ചറും സ്ത്രീധനമായി നൽകിയിരുന്നു. 51 ലക്ഷം രൂപയും ഒരു ഫോർച്യൂണർ എസ്‌യുവിയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. വിവാഹം കഴിഞ്ഞ് മൂന്നു നാലു മാസം കഴിഞ്ഞപ്പോൾ മുതൽ അത് ആവശ്യപ്പെട്ട് റിതികും മാതാപിതാക്കളും അവളെ ഉപദ്രവിക്കാൻ തുടങ്ങി. എന്നിട്ടും ഞങ്ങൾ പൊലീസിൽ പരാതിപ്പെട്ടില്ല. പ്രശ്നം സംസാരിച്ചു പരിഹരിക്കാനാണു ശ്രമിച്ചത്.’ – സഞ്ജയ് എൻഡി ടിവിയോടു പറഞ്ഞു.

ഞായറാഴ്ച ദീപിക മാതാപിതാക്കളെ ഫോണിൽ വിളിച്ചു കരഞ്ഞ ദീപിക, ഭർത്താവും അയാളുട‌െ മാതാപിതാക്കളും ക്രൂരമായി മർദിക്കുകയാണെന്നു പറഞ്ഞിരുന്നു. ഉടൻ ദീപികയുെട പിതാവും ബന്ധുക്കളും അവിടെയെത്തി സംസാരിച്ചു മടങ്ങി. അരമണിക്കൂർ കഴിഞ്ഞ് ദീപിക വീടിനു മുകളിൽനിന്നു വീണെന്നും ഗുരുതരമായി പരുക്കേറ്റെന്നും അവർക്ക് അറിയിപ്പു കിട്ടി. അതേസമയം, ദീപികയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയ ശേഷം മുകൾനിലയിൽനിന്നു താഴേക്ക് എറിഞ്ഞതാണെന്നും മൃതദേഹത്തിൽ പരുക്കുകളുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് അന്വേഷണം തുടരുകയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.