Kerala

‘ഫോണും പാസ്പോർട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്നചിത്രം വീട്ടിലേക്കയച്ചു’

കൊച്ചി ∙ ദുബായ് കേന്ദ്രമാക്കി പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിന് കൊണ്ടുപോയതിന് പിടിയിലായവർ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായ അലീന ഏബ്രഹാം ഉൾപ്പെടെ അറസ്റ്റിലായ 3 പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദുബായിൽ ഇവന്റ് മാനേജ്മന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. മലയാളികളായ രണ്ടു സ്ത്രീകളാണ് രണ്ടും അഞ്ചും പ്രതികൾ.

മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ ജോലികൾ വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോവുകയും അവിടെ വച്ച് ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ദുബായിൽ ബ്യൂട്ടിപാർലർ ജോലി വാഗ്ദാനം ചെയ്തതിന് പണം നൽകിയ േശഷം എത്തിയ ഒരു യുവതി താൻ നേരിട്ട പീഡനങ്ങൾ തുറന്നുപറയുന്നത് പുറത്തുവന്നിരുന്നു. ദുബായിൽ എത്തിയ ഉടൻ ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ തന്നെപ്പോലെ എട്ടോളം പെൺകുട്ടികൾ ഉണ്ടായിരുന്നു. സന്ധ്യയുടെ നേതൃത്വത്തില്‍ ഫോണും പാസ്പോർട്ടും വാങ്ങിവച്ചു. തുടർന്ന് ഒരു ക്ലയന്റ് കാണാൻ വരുമെന്ന് അറിയിക്കുകയായിരുന്നു. ഇത് നിരസിച്ച യുവതിയെ മർദിക്കുകയും ലഹരി മരുന്ന് കുടിപ്പിക്കുകയുമായിരുന്നു. തുടർന്ന് ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം െചയ്യുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടിയായിരുന്നു പീഡനങ്ങൾ. യുവതി അസന്മാർഗിക ജീവിതം നയിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തു. ഫ്ലാറ്റിൽ നിന്ന് പുറത്തുകടക്കാൻ മാർഗമില്ലായിരുന്നു. ഒരു മാസത്തോളം നീണ്ട പീഡനത്തിനൊടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെ രക്ഷപെടുകയായിരുന്നു. തുടർന്ന് മരട് പൊലീസിൽ പരാതി നല്‍കിയത്.

വളരെ ഗൗരവമേറിയ കേസാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം എസിപി കെ.ജി.സുരേഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. മരട് എസ്എച്ച്ഒ അബ്ദുൾ മനാഫും അന്വേഷണ സംഘത്തിലുണ്ട്. കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ അറസ്റ്റിലാകുമെന്നും കമ്മിഷണർ വ്യക്തമാക്കി. സമാന വിധത്തിൽ ക്രൂരതകൾ നേരിടേണ്ടി വന്ന മറ്റൊരു ജില്ലക്കാരിയായ യുവതിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.സന്ധ്യയും അലീനയുമാണ് യുവതികളെ കണ്ടെത്തി ദുബായിലെത്തിക്കുന്ന ഏജന്റുമാർ എന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇത്തരത്തിൽ ദുബായിൽ വച്ച് ഫാഷൻ വർക്‌ഷോപ്പ് നടത്തുന്ന കാര്യവും അലീന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അലീനയുമായി ബന്ധപ്പെട്ട ഗുണ്ടാ ബന്ധവും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് കമ്മിഷണർ വ്യക്തമാക്കി. നവംബറിൽ വൈറ്റിലയിലെ ഹോട്ടലിൽ വടിവാൾ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ 2 കൊല്ലം സ്വദേശികൾക്കൊപ്പം അലീനയും അറസ്റ്റിലായിരുന്നു. ജില്ലയിലെ ഒരു ഗുണ്ടയുടെ സുഹൃത്ത് എന്ന രീതിയിലാണ് അന്ന് അലീനയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിച്ചത്. ജില്ലയിലെ രണ്ട് ഗുണ്ടകൾ അടക്കമുള്ളവരുമായി നിൽക്കുന്ന അലീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇന്നലെ വൈകിട്ടാണ് അലീനയെ മരടിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. കേസെടുത്ത വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാനായി മുംബൈ വിമാനത്താവളത്തിലെത്തിയ സന്ധ്യയെ ലുക്ക്ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാനത്താളവത്തിൽ തടഞ്ഞുവയ്ക്കുകയും ഇന്ന് പൊലീസ് എത്തി കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.