Kerala

ഷവർമ ഉണ്ടാക്കാനായി എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു; കട അടയ്ക്കാൻ നോട്ടിസ്

കൊയിലാണ്ടി∙ ഷവർമ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു. സംഭവമറിഞ്ഞെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കടയ്‌ക്കെതിരെയും ചിക്കൻ വിതരണം നടത്തിയ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചു. പഴയ സ്റ്റാൻഡിന് മുന്നിലുള്ള ഒഫിക്സ് ഷവർമാ സ്റ്റാളിനാണ് 2 ദിവസത്തേക്ക് കട അടയ്ക്കാൻ നോട്ടിസ് നൽകിയത്.ഇന്നലെ രാവിലെയായിരുന്നു സംഭവം. കട തുറക്കുന്നതിന് മുൻപ് പുറത്തു വച്ചിരുന്ന ചിക്കനാണ് നായ്ക്കൾ കടിച്ചു പറിച്ചത്. താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്ന് എത്തിച്ച ഇറച്ചിയാണ് മൂടിയില്ലാത്ത പാത്രത്തിൽ കടയ്ക്ക് പുറത്ത് വച്ചിരുന്നത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ.ശ്വേതാ വേലായുധന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഓഫിസർ കെ.അരവിന്ദ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കടയ്ക്ക് 2 ദിവസത്തേക്ക് അടച്ചിടൽ നോട്ടിസ് നൽകിയത്. ചിക്കൻ വിതരണം നടത്തിയ താമരശ്ശേരി ചിക്കൻ സെന്ററിനെതിരെ നടപടി എടുക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായി ഡോ. ശ്വേതാ വേലായുധൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൊയിലാണ്ടിയിലെ ഷവർമ ഷോപ്പുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും ഓഫിസർ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.