കല്‍പ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്‌കാരം, ഉപജീവനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ അറിവും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ക്യാമ്പസില്‍ ഡിസംബര്‍ 10 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ്-2026ന് സംഘാടക സമിതി രൂപീകരിച്ചു. ഇതിന് പൂക്കോട് ക്യാമ്പസില്‍ ചേര്‍ന്ന യോഗത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ഡീന്‍ സാനിസ് ജൂലിയറ്റ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രഫസര്‍ ആര്‍.എല്‍. രതീഷ്, പുളിയാര്‍മല ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, ഹ്യൂം സെന്ററിലെ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, പരിസ്ഥിതി-സാമൂഹിക സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരവാഹികളായി കൃഷി മന്ത്രി ടി. സിദ്ദിഖ്, പ്രിയങ്ക ഗാന്ധി എംപി, എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈത്തിരി ഡിവിഷന്‍ അംഗം എം.വി. വിജേഷ് -രക്ഷാധികാരികള്‍, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ഡയറക്ടര്‍ ഓഫ് അക്കാദമിക്‌സ് ആന്‍ഡ് റിസര്‍ച് ഡോ.സി. ലത, ഹ്യൂം സെന്റര്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ.ടി.ആര്‍. സുമ-കണ്‍വീനര്‍മാര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്‍-ചെയര്‍മാന്‍, കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍-വൈസ് ചെയര്‍മാന്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നയരൂപീകരണ വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മലയോര സമൂഹങ്ങള്‍, തദ്ദേശീയ അറിവിന്റെ ഉടമകള്‍, യുവജനങ്ങള്‍ എന്നിവരെ ഒരേ വേദയിലെത്തിച്ച് വിവിധ മലനിരകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും സുസ്ഥിര വികസനത്തിനു സാധ്യതകള്‍ കണ്ടെത്തുകയുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും, സംസ്‌കാരവും തദ്ദേശീയ അറിവുകളും, ഉപജീവനവും സമ്പദ്‌വ്യവസ്ഥയും, കൃഷി, ദുരന്തങ്ങളും അതിജീവനശേഷിയും, വിനോദസഞ്ചാരം, ജലം തുടങ്ങിയവ കോണ്‍ഗ്രസില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നടക്കം 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഹിമാലയം.ആരവല്ലി, വിന്ധ്യസത്പുര,നോര്‍ത്ത് ഈസ്റ്റ്, പശ്ചിമഘട്ടം, കസാക്കിസ്ഥാന്‍,കിര്‍ഗിസ്ഥാന്‍ തുടങ്ങിയ മലനിരകളില്‍നിന്നുള്ളവര്‍ സമ്മേളനത്തിനെത്തും.