ബെംഗളൂരു: സുപ്രീം കോടതിയുടെ വ്യാജ ഉത്തരവ് കാണിച്ച്, തടവുപുള്ളി ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപ് ജയിൽ മോചിതനായി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതി ശങ്കർ അറുമുഖമാണ് അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്.
2001-ൽ മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബെംഗളൂരുവിലെ ഫാസ്റ്റ് ട്രാക്ക് കോടതി ആണ് ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നത്. 2018-ൽ സുപ്രീം കോടതിയിൽനിന്ന് ശിക്ഷയിൽ ഇളവ് ലഭിച്ചുവെന്ന് കാണിക്കുന്ന വ്യാജരേഖകൾ ഹാജരാക്കിയ ഇയാൾ,2018 നവംബർ 13-നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഉത്തരവിൽ പരാമർശിച്ചിരുന്ന 10,000 രൂപ പിഴയടച്ചാണ് മോചിതനായത്.ജയിൽ ഡയറക്ടർ ജനറലിന് ലഭിച്ച ഒരു അജ്ഞാത പരാതിയെത്തുടർന്ന് ഡിഐജി നടത്തിയ അന്വേഷണത്തിലാണ് എട്ട് വർഷത്തിന് ശേഷം തട്ടിപ്പ് വെളിച്ചത്തായത്. അന്വേഷണത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാറുമായി അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പ്രതി നൽകിയ ഉത്തരവ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിനുപിന്നിൽ ജയിൽ അധികൃതരുടെ ഒത്താശ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ രേഖകൾ കെട്ടിച്ചമച്ചതിനും വഞ്ചനയ്ക്കും പരപ്പന അഗ്രഹാര പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഒളിവിലുള്ള ശങ്കർ അറുമുഖത്തെ കണ്ടെത്താനും വീണ്ടും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി ഡിജിപി അലോക് കുമാർ അറിയിച്ചു.














