National

റിട്ട. പ്രഫസറിന്റെ 6 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്ത് യുവതി, സ്വന്തമാക്കിയത് 4 ഫ്ലാറ്റുകൾ; അധ്യാപകൻ വൃദ്ധസദനത്തിൽ

മുംബൈ ∙ ബോംബെ ഐഐടി റിട്ട. പ്രഫസറായ 82 വയസ്സുകാരന്റെ 6 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്ത സഹായിയായ യുവതി അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കിയ ശേഷം കടന്നുകളഞ്ഞു. നാലു ഫ്ലാറ്റുകളുടെ മൂന്നിലൊന്ന് ഓഹരിയും (4.89 കോടി രൂപ) 1.04 കോടി രൂപയും 8 ലക്ഷം രൂപയുടെ സ്വർണവുമാണു തട്ടിയെടുത്തത്. പവയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന മൻമോഹൻ അഗർവാളാണു തട്ടിപ്പിനിരയായത്. അദ്ദേഹത്തിന്റെ മകൻ നൽകിയ പരാതിയിൽ, സഹായി നികിത നായിക്കിനെതിരെ പവയ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കാഴ്ചശക്തി കുറഞ്ഞതോടെ, എടിഎം കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൻമോഹൻ നികിതയ്ക്കു കൈമാറിയിരുന്നു. വീടിന്റെ മെയ്ന്റനൻസ് തുക അടയ്ക്കൽ, വാടകയ്ക്കു നൽകിയ 3 വീടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എന്നിവയുടെ ചുമതലയും യുവതിയെയാണ് ഏൽപിച്ചിരുന്നത്. അതിന്റെ മറവില്‍ ഇഷ്ടദാന രേഖകളിൽ ഒപ്പു വാങ്ങിയാണു 4 വീടുകളുടെ ഓഹരി പങ്കാളിത്തം നികിത സ്വന്തമാക്കിയത്. ബാങ്ക് അക്കൗണ്ടിലുള്ള പണം ഘട്ടംഘട്ടമായാണു പിൻവലിച്ചത്, സ്വർണം ബാങ്ക് ലോക്കറിൽ നിന്നും.

പവയ് ഹീരാ നന്ദാനി ഹൗസിങ് സൊസൈറ്റിയിലെ ഫ്ലാറ്റിന്റെ ഷെയർ സർട്ടിഫിക്കറ്റ് തന്റെ പേരിലേക്കു മാറ്റാൻ നികിത അപേക്ഷ നൽകിയതോടെ സംശയം തോന്നിയ സൊസൈറ്റി ഭാരവാഹികൾ മൻമോഹന്റെ പുണെയിലുള്ള മകനെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറായ അദ്ദേഹം ഫ്ലാറ്റിലെത്തി അന്വേഷിച്ചപ്പോഴാണ് അച്ഛൻ വൃദ്ധസദനത്തിലാണെന്നത് അറിഞ്ഞത്. തുടർന്നാണു പരാതി നൽകിയത്.2017ലാണു മൻമോഹനെ നികിത കണ്ടുമുട്ടുന്നത്. അദ്ദേഹം ഒറ്റയ്ക്കാണു താമസിക്കുന്നതെന്നും സഹായം ആവശ്യമുണ്ടെന്നും മനസ്സിലാക്കിയതോടെ യുവതി കൂടുതൽ അടുക്കുകയായിരുന്നു. ആവശ്യങ്ങൾക്കെല്ലാം ഓടിയെത്തി വിശ്വാസം പിടിച്ചുപറ്റി അവർ ക്രമേണ കെയർ ടേക്കറായി. പിന്നീട്, ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ നോക്കിനടത്താൻ തുടങ്ങി.

ഫെബ്രുവരിയിലാണു വിക്രോളിയിലെ വൃദ്ധസദനത്തിലേക്കു മൻമോഹനെ മാറ്റിയത്. ഏപ്രിലിൽ മെഡിക്കൽ പരിശോധനയ്ക്കെന്ന പേരിൽ അവിടെ നിന്നു റജിസ്ട്രേഷൻ ഓഫിസിൽ എത്തിച്ചാണു ഫ്ലാറ്റുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവപ്പിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.