ചെന്നൈ ∙ തമിഴ് സൂപ്പർതാരവും ടിവികെ നേതാവുമായ വിജയിന്റെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കൻ തമിഴ് വംശജയായ സംഗീത സോമലിംഗം ബ്രിട്ടനിലാണ് ജനിച്ചുവളർന്നത്. 1999 ലായിരുന്നു വിജയ്‌യുമായുള്ള വിവാഹം. രണ്ടു മക്കളുണ്ട്. മകന്‍ ജെയ്‌സണ്‍ സഞ്ജയ്, മകൾ ദിവ്യ സാഷ. വിജയ്‌യും സംഗീതയും തമ്മിൽ അകൽച്ചയിലാണെന്ന് കുറെക്കാലമായി വാർത്തകളുണ്ടായിരുന്നു. വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നും രണ്ടു വർഷമായി പിരിഞ്ഞാണു താമസിക്കുന്നതെന്നും വിവാഹമോചന ഹർജിയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വിജയ്‍യുടെ ആരാധികയായിരുന്ന സംഗീത, 1996 ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന സിനിമയുടെ ചിത്രത്തിന്റെ വിജയത്തിന് ആശംസകൾ അറിയിക്കാനായി യുകെയിൽനിന്ന് ചെന്നൈയിൽ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും അടുപ്പത്തിലായത്.
സിനിമാജീവിതം അവസാനിപ്പിക്കുന്നു എന്നു പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് കുറച്ചുകാലമായി തിരിച്ചടികളാണ്. പാർട്ടി സമ്മേളനത്തിനിടെ കരൂരിലുണ്ടായ ദുരന്തവും പുതിയ ചിത്രമായ ജനനായകന്റെ റിലീസ് മുടങ്ങിയതും അടക്കമുള്ള പ്രതിസന്ധികൾക്കു പിന്നാലെയാണ് വിവാഹമോചന വാർത്ത പുറത്തുവരുന്നത്.














