ന്യൂഡൽഹി: രാജ്യത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 1,200ലധികം പേരെ കൂടി നിയമിക്കാൻ കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.
എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് എന്നീ ആറ് കേഡറുകളിലാണ് പുതിയ നിയമനം നടത്തുന്നത്. രാജ്യവ്യാപകമായി നിലവിൽ 2,029 ഉദ്യോഗസ്ഥരാണ് ഇഡിക്ക് ഉള്ളത്. ഇത് 3,256 ആയി ഉയർത്തും. എക്സിക്യൂട്ടിവ് കേഡർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ നിയമനം നടത്തുക. ഡെപ്യൂട്ടി ഡയറക്ടർമാരുടെ എണ്ണം 148ൽനിന്ന് 267 ആയി ഉയർത്തും.
അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 803 പേരെയും എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 606 പേരെയും അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റ് തസ്തികയിൽ 531 പേരെയുമാണ് ഇനി നിയമിക്കുക.എൻഫോഴ്സ്മെൻ്റ് അഡീഷണൽ ഡയറക്ടർമാരുടെ എണ്ണം പത്തിൽനിന്ന് 24 ആയി കൂട്ടും. കൂടാതെ, ജോയിൻ്റ് ഡയറക്ടർമാരുടെ എണ്ണം 28ൽനിന്ന് 49 ആയും വർധിപ്പിക്കും. അതേസമയം ഡയറക്ടർ, സ്പെഷ്യൽ ഡയറക്ടർ എന്നീ തസ്തികകളിലെ പുതിയ നിയമനമില്ല.














