കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവം പങ്കുവച്ച് നടി നേഹ ധൂപിയ. ഭര്‍ത്താവ് അങ്കത് ബേദിയ്‌ക്കൊപ്പം അവതരിപ്പിക്കുന്ന ഡബിള്‍ ഡേറ്റ് ഷോയിലായിരുന്നു നേഹയുടെ വെളിപ്പെടുത്തല്‍. സഹോദരങ്ങളും താരങ്ങളുമായ ഹുമ ഖുറേഷിയും സാഖിബ് സലീമുമായിരുന്നു ഷോയിലെ അതിഥികള്‍.
”എന്റെ കരിയറിന്റെ തുടക്കം. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വളരെ പുതിയതായിരുന്നു. ഒരു ടിവി ഷോയുടെ ഓഡിഷന് പോയി. കാസ്റ്റിങ് ഡയറക്ടറുടെ കൂടെ കാറില്‍ ഇരിക്കുകയായിരുന്നു. അയാള്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു. നീ ചിരിക്കരുത്, നിന്റെ ചിരി കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞു. ചിരിക്കാത്തപ്പോഴാണ് നിന്റെ മുഖത്തിന് കരുത്ത് കൂടുതലെന്നാണ് പറഞ്ഞത്’ താരം പറയുന്നു.
ആ വാക്കുകള്‍ തന്നെ തകര്‍ത്തു കളഞ്ഞുവെന്നാണ് നേഹ പറയുന്നത്. ‘പിന്നീട് മിസ് ഇന്ത്യ നേടിയിട്ടും ഞാന്‍ ചിരിച്ചിട്ടില്ല. അന്നത്തെ ഫോട്ടോസ് നോക്കിയാല്‍ കാണാം,ഞാന്‍ ചിരിക്കുന്നില്ല. 8-10 വര്‍ഷത്തേക്ക് എന്നെ ബാധിച്ചു. എല്ലാത്തിനും കാരണം എന്റെ ചിരി ഭംഗിയില്ലെന്ന് അവര്‍ പറഞ്ഞതിനാലാണ്” താരം പറയുന്നു. പിന്നീട് മിസ് യൂണിവേഴ്‌സില്‍ പരാജയപ്പെട്ടതും തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും നേഹ പറയുന്നു.
അതേസമയം സമാന അനുഭവം തനിക്കും ഉണ്ടെന്ന് ഹുമയും പറഞ്ഞു. രണ്ടാമത്തെ ചിത്രത്തിന് ശേഷം നേരിട്ട സൈബര്‍ ആക്രമണങ്ങള്‍ കാരണം തന്റെ ആത്മവിശ്വാസം തകര്‍ന്നുപോയെന്നാണ് ഹുമ പറഞ്ഞത്. പെര്‍ഫെക്ട് ഫാമിലി വെബ് സീരീസിലാണ് നേഹ ഒടുവിലായി അഭിനയിച്ചത്. 52 ബ്ലുവിലൂടെ ഇംഗ്ലീഷിലും അരങ്ങേറിയിരിക്കുകയാണ് നേഹ.














