ബൈക്കുമായി കറങ്ങും തോന്നുന്നിടത്ത് നിര്‍ത്തും; ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ ‘അമ്പലക്കള്ളന്‍’ പിടിയില്‍കോഴിക്കോട്: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ ആലോറമീത്തല്‍ നടുക്കണ്ടി പുറായില്‍ റിയാസ് (41) ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. രാത്രിയാകുമ്പോള്‍ ബൈക്കും എടുത്ത് തോന്നുന്ന സ്ഥലങ്ങളിലേക്ക് സഞ്ചരിക്കും. റോഡരികില്‍ കാണുന്ന ക്ഷേത്രങ്ങളില്‍ കയറി ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് അതിലുള്ള പണം മോഷ്ടിക്കും.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാവൂര്‍, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂര്‍, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് ഇയാള്‍ മോഷണം നടത്തിവരികയായിരുന്നു. റെയിന്‍ കോട്ടും ഹെല്‍മറ്റും ധരിച്ചാണ് പ്രതി മോഷണത്തിന് എത്തുന്നത്. മോഷണം നടത്തേണ്ട ക്ഷേത്രങ്ങളുടെ അല്‍പം ദൂരെ ബൈക്ക് വെച്ചതിനു ശേഷം ക്ഷേത്രങ്ങളില്‍ എത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.ഈ മാസം 26 ന് രാത്രി മാവൂര്‍ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പന്‍കാവിന്റെ മുറ്റത്തെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്തു. എന്നാല്‍ അതില്‍ നിന്നും പണം കവരാന്‍ സാധിച്ചില്ല. തുടര്‍ന്ന് റോഡരികിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് 5000ത്തോളം രൂപ മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അമ്പലകമ്മിറ്റിയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പരിസരപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു ബൈക്കും ബൈക്കില്‍ സൂക്ഷിച്ച പണവും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നൂറോളം സിസിടിവി ദൃശ്യങ്ങളും, ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലുമാണ് അവസാനം പൂവാട്ടുപറമ്പ് മുണ്ടക്കല്‍ വെച്ച് പ്രതി പിടിയിലാകുന്നത്.മാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ വി എം രമേശ്, ശിവാനന്ദന്‍ ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, രജീഷ്, കൃഷ്ണന്‍കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപക്ക്,വിനീത്, ശ്രീജിത്ത്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതിന് മുന്‍പും സമാനമായ രീതിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതി മാവൂര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.














