നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും നടി അഹാനാ കൃഷ്ണയുടെ സഹോദരിയുമായ ഹൻസികാ കൃഷ്ണയുടെ ഒരു വീഡിയോ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹൻസിക ബോൾഡ് ലുക്കിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടി മാത്രമായി പോസ്റ്റ് ചെയ്ത ഈ വീഡിയോ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.ഇതേത്തുടർന്ന് വലിയ വിമർശനമാണ് ഹൻസികയ്‌ക്കെതിരെ ഉയർന്നത്. കൂടുതൽ സബ്‌സ്‌ക്രൈബർമാരെ ഉണ്ടാക്കാനും അതുവഴി പണമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് ഉയർന്ന പ്രധാന വിമർശനം. കൂടാതെ വീഡിയോയിലെ ഹൻസികയുടെ അപ്പിയറൻസും വിമർശനവിധേയമായി. വീഡിയോ ലീക്ക് ചെയ്യപ്പെട്ട് പുറത്തുവരുന്നതിന് മുമ്പ് 299 രൂപയായിരുന്ന ഹൻസികയുടെ സബ്‌സ്‌ക്രിപ്ഷൻ തുക വീഡിയോ വൈറലായതിന് പിന്നാലെ 390 രൂപയാക്കി വർധിപ്പിച്ചത് പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന ആരോപണത്തിന് ബലം നൽകി. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൻസിക.’എനിക്ക് പറയാനുള്ളത്’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഹൻസിക തന്റെ ഭാഗം വിശദീകരിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തത് തെറ്റായി പോയെന്നും അതിന്റെ പേരിൽ ഒരുമാസമായി വേദനയും കുറ്റബോധവും അനുഭവിക്കുകയാണെന്നും ഹൻസിക പറഞ്ഞു. പണമുണ്ടാക്കാനല്ല ഇത് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്‌തെങ്കിലും ആ സമയത്തിനുള്ളിൽ സബ്‌സ്‌ക്രൈബേഴ്‌സിൽ ആരോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഹൻസിക പറയുന്നു.ഹൻസികയുടെ വിശദീകരണ പോസ്റ്റിൽ പിന്തുണയുമായി കുടുംബാംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ കമന്റ് ചെയ്തു. ‘നിന്നെ ഞങ്ങൾക്ക് അറിയാം ഹൻസൂ’ എന്നാണ് സഹോദരി ദിയാ കൃഷ്ണ കുറിച്ചത്. ഹൻസൂ എന്ന് വിളിച്ചുകൊണ്ട് ഹൃദയത്തിന്റേയും ചുംബനത്തിന്റേയും ഇമോജിയാണ് അഹാനാ കൃഷ്ണ കമന്റ് ചെയ്തത്. ‘അല്ല പിന്നെ’ എന്നായിരുന്നു മറ്റൊരു സഹോദരിയായ ഇഷാനിയുടെ കമന്റ്. ‘എന്റെ ഹൃദയമിടിപ്പ്… എല്ലായ്‌പ്പോഴും നിനക്കൊപ്പമുണ്ട്. എക്കാലവും നിന്റെ കൈ ചേർത്ത് പിടിക്കും’ എന്ന് പറഞ്ഞുകൊണ്ട് അമ്മ സിന്ധു കൃഷ്ണയും ഹൻസികയ്ക്ക് പിന്തുണയറിയിച്ചു.ഹൻസികയുടെ പ്രസ്താവനഎല്ലാവർക്കും നമസ്‌കാരം. ഇത് ഹൻസികയാണ്. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതട്ടെ. ഇൻസ്റ്റഗ്രാമിലെ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ മൂന്നാഴ്ച മുമ്പ് പങ്കുവെച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായി. എന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധവും ബാലിശവുമായ തീരുമാനമായിരുന്നു അത്. ഞാൻ അതിൽ വളരെയധികം ഖേദിക്കുന്നു. അതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ കഴിഞ്ഞ ഒരുമാസമായി വേദനയോടെയും കുറ്റബോധത്തോടെയുമാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്നുപറയണമെന്ന് ആഗ്രഹിച്ചത്. എനിക്ക് പറയാനുള്ളത് കേട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് ഇതിന്റെ സത്യാവസ്ഥ മനസിലായേക്കാം.ആ വീഡിയോ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് വലിയൊരു തെറ്റായിരുന്നു. ഒന്നും ആലോചിക്കാതെ, ഒരുനിമിഷത്തെ എടുത്തുചാട്ടത്തിൽ ചെയ്തുപോയ തെറ്റ്. പോസ്റ്റ് ചെയ്ത ഉടൻ തന്നെ എനിക്ക് അങ്ങനെ ചെയ്തതിൽ ഖേദം തോന്നി. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് അഞ്ച് മിനിറ്റിനകം എനിക്ക് തോന്നുകയും ഉടൻ തന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. നിർഭാഗ്യവശാൽ ആ ചുരുങ്ങിയ സമയം കൊണ്ട് സബ്‌സ്‌ക്രൈബർമാരിൽ ചിലർ വീഡിയോ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചു.പേരിനും പണത്തിനും വേണ്ടിയാണ് ഞാൻ ഇത് ചെയ്തതെന്ന് പലരും എന്നെ കുറ്റപ്പെടുത്തി. അങ്ങനെ തോന്നുന്നതിൽ തെറ്റ് പറയുന്നില്ല. എങ്കിലും, അങ്ങനെയൊരു ലക്ഷ്യം എനിക്കില്ലായിരുന്നുവെന്ന് ഞാൻ പറയട്ടെ. സ്വന്തം കാര്യം നോക്കാനുള്ള വരുമാനം 20-ാം വയസിൽ ഞാൻ ഉണ്ടാക്കുന്നുണ്ട്. അതിലുപരി, വർഷങ്ങളായി എനിക്കും കുടുംബത്തിനും നിങ്ങൾ നൽകുന്ന സ്‌നേഹവും പിന്തുണയുമുള്ളതിനാൽ പ്രശസ്തിയെന്നത് ഞങ്ങൾ ആഗ്രഹിക്കുന്നതോ ഞങ്ങൾക്ക് ഇല്ലാത്തതോ ആയ ഒന്നല്ല.മറ്റൊരു കാര്യമാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. എന്റെ സഹോദരി ഒരുവർഷത്തിലേറെ കഠിനാധ്വാനം ചെയ്ത, ഞാൻ കൂടി അഭിനയിച്ച സംഗീത വീഡിയോ ഈ സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുറത്തിറങ്ങാനിരുന്നത്. പ്രത്യാഘാതങ്ങളെ കുറിച്ച് ഒരൽപ്പം ചിന്തിച്ചിരുന്നെങ്കിൽ അവളുടെ കഠിനാധ്വാനത്തെ ബാധിക്കുന്ന ഒന്നും റിലീസിന് മുമ്പ് ഞാൻ ചെയ്യില്ലായിരുന്നു. എന്തോ ഭാഗ്യത്തിന് ഇത് ആ മ്യൂസിക് വീഡിയോയെ ബാധിച്ചില്ല. ഇതിന് പിന്നിൽ ആസൂത്രിതമായ പദ്ധതി ഇല്ലായിരുന്നുവെന്ന് മനസിലാക്കാൻ ഇത് സഹായിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ ചെയ്തതൊരു തെറ്റായിരുന്നു. എന്റെയുള്ളിൽ എക്കാലവും ഒരു നീറ്റലാകുന്ന ഒരു വലിയ തെറ്റ്.എന്റെ തെറ്റായ പ്രവൃത്തി കാരണം വേദന അനുഭവിച്ചത് ഞാൻ മാത്രമല്ല, എന്റെ കുടുംബം കൂടെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതിന്റെ വൈകാരികമായ പ്രത്യാഘാതവും അനന്തരഫലങ്ങളും ഞങ്ങൾ അനുഭവിക്കുകയാണ്. മറ്റാരേയും ഇത് നേരിട്ട് ബാധിച്ചിട്ടില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഓൺലൈനിൽ എനിക്കെതിരെയുണ്ടായ അധിക്ഷേങ്ങളും ക്രൂരമായ വിദ്വേഷ പ്രചാരണവും വേട്ടയാടലുമെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അറിയപ്പെടുന്ന വ്യക്തി എന്ന നിലയിൽ ആളുകൾ എന്റെ തെറ്റുകളെ വിമർശിക്കുമെന്നും അതേക്കുറിച്ച് ചർച്ച ചെയ്യുമെന്നും എനിക്കറിയാം. അതെല്ലാം ഞാൻ പൂർണമായും ഉൾക്കൊള്ളുന്നു.














