മാനന്തവാടി: വയനാട് മാനന്തവാടിക്കടുത്തുള്ള ഒണ്ടയങ്ങാടി ഒരു ചെറിയ ഗ്രാമമാണ്. മാനന്തവാടി-മൈസൂർ റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഒണ്ടയങ്ങാടി ജംഗ്ഷനിലെത്താം. പത്ത്-പതിനഞ്ചു കടകളുള്ള ചെറിയൊരു കവലയാണിത്. തൃശ്ശിലേരി ക്ഷേത്രത്തിലേക്കുള്ള വഴി തിരിയുന്നത് ഒണ്ടയങ്ങാടി ജംഗ്ഷനിൽ നിന്നാണ്. അങ്ങോട്ടേക്ക് തിരിയാതെ മൈസൂർ റോഡിൽ അല്പം മുന്നോട്ട് നടന്നാൽ വഴിയരിൽ വലതുവശത്ത് തലയെടുപ്പോടെ നിൽപ്പുണ്ട് – ബദർ ജുമാ മസ്‌ജിദ് ഒണ്ടയങ്ങാടി..ദൂരദേശങ്ങളിൽ നിന്ന് പോലും വിശ്വാസികൾ സിയാറത്ത് ചെയ്യാനെത്തുന്നൊരു മസാറയുമുണ്ടിവിടെ. നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്‌താൻ പ്രവിശ്യയിൽ നിന്നും ഒണ്ടയങ്ങാടിയിലെത്തി ഇവിടെ സ്ഥിരതാമസമാക്കിയ ബലൂചി ദമ്പതികളുടെ മഖ്ബറകളാണ് ഇവിടെയുള്ളത്. പ്രദേശത്തെ മുസ്‌ലിം സമൂഹത്തിന്റെ പ്രാർത്ഥനകൾ ധന്യമാക്കുന്ന, ആത്മീയ ജീവിതത്തിന് കരുത്ത് പകരുന്നൊരു പുണ്യ മസാറയാണിത്.ബലൂചി ദമ്പതികളിൽ പുരുഷന്റെ പേര് അബ്‌ദുല്ലാഹിൽ ഖൈർ എന്നും സ്ത്രീയുടെ പേര് സൈനബ ബീവി എന്നുമാണ്. മസ്‌ജിദിൽ റോഡിനോടഭിമുഖമായുള്ള ചെറിയൊരു മുറിയിലാണ് മഖ്ബറകൾ. കടും നിറത്തിലുള്ള പട്ടുവസ്ത്രങ്ങൾ കൊണ്ട് മൂടിയ ഖബറുകളിൽ കൈ ചേർത്ത് വണങ്ങിയിട്ടേ പള്ളിയിലെത്തുന്ന വിശ്വാസികൾ മടങ്ങാറുള്ളൂ. മസാറയുടെ ഒരു ചുവരിൽ ചെറുതും വലുതുമായ രണ്ടു ലിഖിതങ്ങൾ ഫ്രെയിം ചെയ്‌ത് വെച്ചിട്ടുണ്ട്. വലുതിൽ സ്വർണ നിറത്തിൽ കറുത്ത അക്ഷരങ്ങളിൽ ‘ബസ്‌മാല’ എന്ന് തുടങ്ങുന്ന അറബിയിലുള്ള ഖുർആൻ സൂക്തം. മഖ്ബറകളുടെ ശിരോഭാഗത്ത് നിലത്ത് തട്ടത്തിൽ കത്തുന്നൊരു നിലവിളക്കുണ്ട്. വെളിച്ചെണ്ണയിൽ കത്തുന്ന ഈ കെടാവിളക്ക് രാവും പകലും സൗമ്യമായ പ്രകാശം പരത്തുന്നു. പ്രാർത്ഥനക്ക് ശേഷം വിളക്കിലെ എണ്ണയിൽനിന്നും അൽപമെടുത്ത് നെറുകയിൽ തേച്ച് മടങ്ങുന്ന വിശ്വാസികളെയും ഇവിടെ കാണാം.തലമുറകൾ കൈമാറിയ വിശ്വാസം; റംസാന് മുന്നോടിയായുള്ള ആണ്ട് നേർച്ചഅകലങ്ങളിൽ നിന്നും തങ്ങളുടെ നാട്ടിലെത്തി വിശ്വാസ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് ഇവിടെത്തെ മണ്ണിൽ അലിഞ്ഞു ചേർന്ന ദമ്പതികളെപ്പറ്റി അധികം അറിവൊന്നുമില്ല ഒണ്ടയങ്ങാടിക്കാർക്ക്. “തലമുറ തലമുറ കൈമാറിയ കേട്ടറിവ് മാത്രമാണ് ഞങ്ങൾക്കുള്ളത്. അടിയുറച്ച ദൈവവിശ്വാസികളായ മഹാത്മാക്കളായിരുന്നെന്ന് ഞങ്ങളുടെ മുൻതലമുറക്കാർ പറഞ്ഞു തന്നിട്ടുണ്ട്. ഞങ്ങൾക്കൊക്കെ വലിയ വിശ്വാസവും ഭക്തിയുമാണ് അവരിൽ,” മഹല്ല് കമ്മറ്റി പ്രസിഡണ്ട് അബ്‌ദുൽ ജബ്ബാർ പറമ്പൻ പറഞ്ഞു.റംസാൻറെ തലേമാസം മഖ്ബറകളിൽ പ്രത്യേക പ്രാർത്ഥനകളും ആഘോഷങ്ങളും നടത്താറുണ്ടെന്ന് അബ്‌ദുൽ ജബ്ബാർ. “രണ്ടു മൂന്നു ദിവസത്തെ പരിപാടികളാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ശ്രേഷ്ഠരായ പണ്ഡിതരുടെ പ്രഭാഷണം നടത്തും. എല്ലാവർക്കും ഭക്ഷണം നൽകും. പ്രദേശവാസികളൊക്കെ ആഘോഷത്തിൽ പങ്ക് ചേരാനെത്താറുണ്ട്,” അദ്ദേഹം പറഞ്ഞു.ഖബറിലെത്തുന്ന വിശ്വാസികൾ വെളിച്ചെണ്ണയും ചന്ദനത്തിരിയും സമർപ്പിക്കാറുണ്ട്. ചിലർ മഖ്‌ബറയിൽ അണിയിക്കാൻ പട്ട് സമർപ്പിക്കും. വാർഷിക ആഘോഷ സമയത്ത് ആളുകൾ അരിയും ഇറച്ചിയുമൊക്കെ പള്ളിക്ക് നൽകാറുണ്ട്.”ഒരുപാട് കറാമത്തുകൾ (അത്ഭുത പ്രവർത്തികൾ) നടക്കുന്ന സ്ഥലമാണിത്. ദൂരദേശങ്ങളിൽ നിന്നും ഒട്ടേറെയാളുകൾ ഇവിടെയെത്തി പ്രാർത്ഥിച്ച് കാര്യസാധ്യം നടത്താറുണ്ട്. അസുഖങ്ങൾ മാറാനും ഐശ്വര്യത്തിനുമൊക്കെയായി ആളുകൾ ഇവിടെ പ്രാർത്ഥിക്കുന്നു,” ജബ്ബാർ പറഞ്ഞു.ചരിത്രരേഖകളിലെ പഠാണി സാന്നിധ്യവും ഹനഫീ മദ്ഹബുംപ്രാദേശിക ചരിത്രകാരനായ ജുനൈദ് കൈപ്പാണി “വലിയ്യുകൾ ധന്യമാക്കിയ വയനാടൻ വഴി” എന്ന തന്റെ പുസ്‌തകത്തിൽ ഒണ്ടയങ്ങാടി മഖാമിനെക്കുറിച്ച് പറയുന്നതിങ്ങനെ:”വടക്കേ വയനാട്ടിൽ മാനന്തവാടിക്ക് സമീപത്ത് ഒണ്ടയങ്ങാടിയിൽ ഹനഫീമദ്ഹബുകാരായ പത്ത് പതിനഞ്ചു കുടുംബങ്ങൾ മുമ്പ് താമസിച്ചിരുന്ന ഒരു പഴയ മഹല്ലാണിതെന്ന് ചരിത്രം സൂചിപ്പിക്കുന്നു. മാനന്തവാടി താലൂക്ക് ഓഫീസിലെ ഫീൽഡ് രേഖയിൽ മുസ്‌ലിം ശ്‌മശാനം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ്കാലത്തു മാനന്തവാടിയിലുണ്ടായിരുന്ന പഠാണി സുഹൃത്തുക്കൾ പുണ്യനാളുകളിൽ അവിടെങ്ങളിൽ പോയി സിയാറത്തു ചെയ്യാറുണ്ടായിരുന്നു പോലും.” “ഫലസിദ്ധിയിൽ മുന്നിട്ട് നിൽക്കുന്ന ഇവിടെ ധാരാളം കറാമത്തുകൾ ദൃശ്യമായിട്ടുണ്ടത്രെ. ഒണ്ടയങ്ങാടി മഖാം എന്നറിയപ്പെടുന്ന ഇവിടെ ധാരാളം സന്ദർശകർ കാര്യസാധ്യം ലഭിക്കാൻ വന്നുപോകാറുമുണ്ട്,” പുസ്തകത്തിൽ പറയുന്നു.രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്ഥിരം സമിതിയുടെ മുൻ ചെയർമാനുമാണ് ജുനൈദ് കൈപ്പാണി.














