Entertainment

ലക്ഷങ്ങളുടെ കച്ചവടസാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി; ‘അജഃസുന്ദരി’ സിനിമയുടെ അണിയറക്കാർക്കെതിരെ നാട്ടുകാർ

ആഷിഖ് അബു നിർമിച്ച് മനു ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘അജഃ സുന്ദരി’യുടെ ചിത്രീകരണത്തിനിടെ പ്രാദേശിക കടകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങി പണം നൽകാതെ സിനിമാസംഘം മുങ്ങിയതായി പരാതി. ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കോഴിക്കോട് വിലങ്ങാട്ടെ നാല് വ്യാപാരികൾക്കാണ് സിനിമാസംഘം ലക്ഷങ്ങളുടെ ബാധ്യത വരുത്തിവെച്ചത്. വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെടുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ മൂന്ന് മാസത്തോളമാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഈ സമയത്താണ് സെറ്റിലേക്കുള്ള പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങൾ പ്രാദേശിക കടകളിൽ നിന്നും വാങ്ങിയത്. ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകി നാട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തി സംഘം സ്ഥലംവിട്ടത്. പിന്നീട് പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അണിയറപ്രവർത്തകർ ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്ന് വ്യാപാരികൾ പറയുന്നു.

പറ്റിക്കപ്പെട്ടവരിൽ പച്ചക്കറി വ്യാപാരിയായ പി. എസ് മനോജിന് മാത്രം 54,000 രൂപയോളമാണ് സിനിമാസംഘം നൽകാനുള്ളത്. മലബാർ കാൻസർ സെന്ററിൽ കാൻസർ ചികിത്സയിൽ കഴിയുന്ന മനോജ്, ജീവിതമാർഗ്ഗമായാണ് ഈ കച്ചവടം നടത്തുന്നത്. കഴിഞ്ഞ ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്നുപോയ മനോജിന്റെ കട, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായത്തോടെയും കുടുംബശ്രീ ലോണെടുത്തുമെല്ലാമാണ് വീണ്ടും തുറന്നത്. ആയഞ്ചേരി സ്വദേശിയായ സാജിദ് എന്നയാൾക്കായിരുന്നു സെറ്റിലെ മെസ്സ് കരാർ. പണത്തിനായി ഇയാളുടെ വീട്ടിൽ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ലെന്ന് മനോജ് വ്യക്തമാക്കുന്നു.കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബന്ധുക്കളുടെ സഹായത്തോടെ വിലങ്ങാട് അങ്ങാടിയിൽ ഇറച്ചിക്കട നടത്തുന്ന ബെന്നി ജോസഫിന് ഒരു ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. നാടൻ കോഴി, ബീഫ്, പന്നിയിറച്ചി, മുട്ട എന്നിവയെല്ലാം ഇദ്ദേഹം സെറ്റിലേക്ക് നൽകിയിരുന്നു. ഷൂട്ടിങ് തീരുന്ന ദിവസം 1.30 ലക്ഷം രൂപ കുടിശ്ശികയുണ്ടായിരുന്നതിൽ 30,000 രൂപ ഗൂഗിൾ പേ വഴി നൽകി, ബാക്കി തുക രണ്ട് ദിവസത്തിനകം നൽകാമെന്ന് പറഞ്ഞ് പോയവർ മൂന്ന് മാസം കഴിഞ്ഞിട്ടും പണം നൽകിയില്ലെന്നാണ് ബെന്നി പറയുന്നത്. വിലങ്ങാട് മിൽമ ബൂത്ത് നടത്തുന്ന അപ്പച്ചന് പാലും നാല് കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകളും നൽകിയ വകയിൽ 46,000 രൂപയും, മലഞ്ചരക്ക് വ്യാപാരിയായ തോമസിന് തേങ്ങ നൽകിയ ഇനത്തിൽ 18,000 രൂപയും സിനിമാസംഘം നൽകാനുണ്ട്.

സിനിമാസംഘം പാവപ്പെട്ട വ്യാപാരികളെ പറ്റിച്ച് കടന്നുകളഞ്ഞ വാർത്ത പുറത്തുവന്നതോടെ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആഷിഖ് അബു വ്യാപാരികളുമായി ബന്ധപ്പെട്ടതായാണ് വിവരം. കരാർ കൊടുത്ത ആളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണിതെന്നാണ് ആഷിഖിന്റെ വിശദീകരണം. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ ബാധ്യതകളും തീർക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. ഈ ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം. മലയോര ഗ്രാമമായ വിലങ്ങാട്ടേക്ക് ആദ്യമായി എത്തിയ സിനിമാ ചിത്രീകരണത്തിന് സർവ പിന്തുണയും നൽകിയ തങ്ങളെ ഇത്തരത്തിൽ ചതിച്ചതിൽ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.