തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ പൊലീസുകാർ ആക്രമിച്ചെന്നു പരാതി. കഴിഞ്ഞ ശനിയാഴ്ച പിണറായിയുമായി റെയിൽവേ സ്റ്റേഷനിലെത്തിയ, എകെജി സെന്ററിലെ കാറിന്റെ ഡ്രൈവർ പി.കെ.അനൂപിനു മർദനമേറ്റെന്നാണ് ആക്ഷേപം. റെയിൽവേ സ്റ്റേഷൻ പരിസരത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയൻ എന്നീ പൊലീസുകാർക്കെതിരെ അനൂപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം പിണറായി വിജയൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അനൂപ്.
കഴിഞ്ഞ 30ന് പിണറായി വിജയനെ വന്ദേഭാരത് ട്രെയിനിൽ കയറ്റി വിടാൻ വൈകിട്ടു നാലോടെ സ്റ്റേഷനിലെത്തിയപ്പോഴാണു സംഭവമെന്ന് അനൂപിന്റെ പരാതിയിൽ പറയുന്നു. പൊലീസ് ജീപ്പ് എസ്കോർട്ട് സഹിതമാണു പ്രതിപക്ഷ നേതാവ് റെയിൽവേ സ്റ്റേഷനിലെത്തിയത്.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ നിർദേശ പ്രകാരം വാഹനം സ്റ്റേഷന്റെ പോർട്ടിക്കോയിൽ നിർത്തിയിട്ടശേഷം ബാഗുകൾ പിണറായിക്ക് ഒപ്പമുള്ളവരുടെ കയ്യിൽ എടുത്തു നൽകി. പിണറായി സ്റ്റേഷനിലേക്കു കയറിയശേഷം വാഹനം മാറ്റി മറ്റൊരിടത്തു പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു രണ്ടു പൊലീസുകാർ അടുത്തെത്തിയത്. ‘വണ്ടി എടുത്തു മാറ്റെടാ’ എന്നാക്രോശിച്ചുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ശരത് എന്ന പൊലീസുകാരൻ കഴുത്തിനു പിടിച്ചു തള്ളുകയും ചെയ്തുവെന്നാണു പരാതി.പ്രതിപക്ഷ നേതാവ് എത്തിയ കാറിന്റെ ഡ്രൈവറാണെന്നും അദ്ദേഹത്തിന് ഇറങ്ങാനും ബാഗുകൾ എടുത്തു നൽകാനുമായി കാർ നിർത്തിയതാണെന്നും വിശദീകരിച്ചിട്ടും ചെവിക്കൊണ്ടില്ലെന്ന് അനൂപ് പറയുന്നു. എസ്കോർട്ട് വന്ന ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ വന്ന് ഈ പൊലീസുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി വിജയന് ഔദ്യോഗിക കാർ അനുവദിച്ചെങ്കിലും അറ്റകുറ്റപ്പണി ബാക്കിയുള്ളതിനാൽ ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.














