ലക്നൗ ∙ 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ 25 കാരനെ നാടകീയ ഏറ്റുമുട്ടലിനൊടുവിൽ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ലോണി ബോർഡർ സ്വദേശിയായ സിറാജ് എന്നയാളാണ് പിടിയിലായത്. ലോണി ബോർഡർ പരിധിയിലുണ്ടായ വെടിവയ്പ്പിനൊടുവിലാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും തുടർന്ന് കുട്ടി ഗർഭിണിയാകുകയുമായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് മേയ് 30ന് പൊലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ സേവാധാം-തീലാമോഡ് റോഡിൽ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വന്ന സിറാജിനെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയ പ്രതി, പൊലീസിനു നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ പിന്തുടർന്ന് വളഞ്ഞെങ്കിലും ഇയാൾ വീണ്ടും കൊലപാതക ലക്ഷ്യത്തോടെ പൊലീസിനു നേരെ വെടിയുതിർത്തു. തുടര്‍ന്ന് പൊലീസ് സ്വയംരക്ഷയ്ക്കായി തിരിച്ചു വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ പ്രതിയുടെ വലതുകാലിനു പരുക്കേറ്റു ഇയാളെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ലോണി എസിപി സിദ്ധാർത്ഥ് ഗൗതം അറിയിച്ചു. പ്രതിയിൽ നിന്ന് നാടൻ തോക്ക്, വെടിയുണ്ടകൾ, സ്കൂട്ടർ എന്നിവ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.














