Kerala

തെരുവുനായ കുറുകെചാടി: സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം; അമ്മയ്ക്ക് പരുക്ക്

തിരുവനന്തപുരം∙ അമ്മയും മകനും സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശിയും തുമ്പ വിഎസ്എസ്‌സിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയുമായ അതുല്‍ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിഷയ്ക്ക് (51) അപകടത്തില്‍ പരുക്കേറ്റു. അമ്മയെ സ്‌കൂട്ടറിന് പിന്നിലിരുത്തി തുമ്പ സ്റ്റേഷന്‍കടവ് നെഹ്‌റു ജംഗ്ഷനില്‍ നിന്നു പോകുന്നതിനിടെ ശാന്തിനഗര്‍ മാര്‍ക്കറ്റിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. പെട്ടെന്നു റോഡിനു കുറുകേ ചാടിയ നായയെ ഇടിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം.

ഉടന്‍ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതുലിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീഴ്ചയുടെ ആഘാതത്തില്‍ അതുലിന്റെ തലയ്ക്കാണു ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മ ജിഷയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ അതുല്‍ വിഎസ്എസ്‌സിയിലെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് സ്റ്റേഷന്‍കടവ് നെഹ്‌റു ജംക്ഷനിൽ വാടകയ്ക്കു താമസിക്കുന്നത്. മകന്‍ ഒറ്റയ്ക്കായതിനാല്‍ കുറച്ചു ദിവസം മുന്‍പാണ് അമ്മ ജിഷ മകനൊപ്പം താമസിക്കാനെത്തിയത്. അതുലിന്റെ മൃതദേഹം നിലവില്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടമുണ്ടായ ഭാഗത്ത് റോഡരികില്‍ മാര്‍ക്കറ്റ് ആയതിനാല്‍ തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.