ചെന്നൈ ∙ പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ സ്യൂട്ട് കേസിൽ തലയും കൈകാലുകളും ഇല്ലാത്ത പുരുഷന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീർ അലിയെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്താണു സ്യൂട്ട് കേസിൽ മൃതദേഹം കണ്ടെത്തിയത്.
മറ്റൊരിടത്തു കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന നിഗമനത്തിൽ അന്വേഷണ ചുമതല പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു. തുടർന്നു സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിൽ സ്യൂട്ട് കേസ് ഉപേക്ഷിച്ചു പോകുകയായിരുന്നു. കൊലപാതക കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു.












