Wayanad

നെന്മേനി പഞ്ചായത്തില്‍ ഒരാഴ്ച ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം

നെന്മേനി പഞ്ചായത്തില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടു.പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് താത്കാലിക ചന്തകള്‍, റാലികള്‍ എന്നിവ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും പരമാവധി ഒഴിവാക്കണം. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയില്‍ കഴിവതും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവൂ. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന ആരും സ്വയ ചികിത്സയ്ക്ക് മുതിരരുത്. നിര്‍ബന്ധമായും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ തേടണം. നിലവില്‍ രോഗലക്ഷണങ്ങളുള്ളവരുടെ സമ്പര്‍ക്ക പട്ടിക താലൂക്ക് ആരോഗ്യ കേന്ദ്രത്തില്‍ തയ്യാറാക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ കര്‍ശന പരിശോധന നടത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നതികളിലെ പരിസര ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങില്‍ ട്രൈബല്‍ വകുപ്പ് നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് 2023 സെക്ഷന്‍ 65, ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം നടപടിയുണ്ടാകുമെന്നും അറിയിക്കുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.